ദുബായിലെ പാർക്കുകളിലും ബീച്ചുകളിലും ഇനി ഡ്രോൺ ഡെലിവറി; ചൈനീസ് കമ്പനിയായ 'കീറ്റ'യുമായി കരാർ

 

ദുബായ് എമിറേറ്റിലെ പ്രധാന ബീച്ചുകളിലും പാർക്കുകളിലും ഡ്രോൺ വഴി സാധനങ്ങൾ എത്തിക്കുന്നതിനായുള്ള ചരിത്രപരമായ കരാറിൽ ദുബായ് മുനിസിപ്പാലിറ്റി ഒപ്പുവെച്ചു. പ്രമുഖ ചൈനീസ് ഡെലിവറി പ്ലാറ്റ്‌ഫോമായ 'കീറ്റ'യുമായാണ് മുനിസിപ്പാലിറ്റി ധാരണയിലെത്തിയിരിക്കുന്നത്. പൊതു ഇടങ്ങളിൽ നൂതന സാങ്കേതികവിദ്യകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ദുബായുടെ സ്മാർട്ട് നഗര പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ നീക്കം.

ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ചില പാർക്കുകളിലും ബീച്ചുകളിലുമായിരിക്കും ഡ്രോൺ ഡെലിവറി സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുക. ഈ വർഷം അവസാനത്തോടെ തന്നെ ഇതിന്റെ സേവനം ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിന്റെ വിജയത്തിന് ശേഷം എമിറേറ്റിലെ മുഴുവൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും ഘട്ടം ഘട്ടമായി ഡ്രോൺ സർവീസ് വ്യാപിപ്പിക്കും.

നവീനത, സ്മാർട്ട് ഗതാഗതം, ഭാവി തലമുറയ്ക്കായുള്ള നഗര അനുഭവങ്ങൾ എന്നിവയിൽ ദുബായുടെ ആഗോള നേതൃത്വം കൂടുതൽ ശക്തമാക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. അടുത്ത വർഷത്തോടെ ബീച്ചുകളും പാർക്കുകളും ഉൾപ്പെടെയുള്ള പൊതു അടിസ്ഥാന സൗകര്യങ്ങളെ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാനും നൂതന സാങ്കേതിക വിദ്യകളിലൂടെ മികച്ച സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് ദുബായ് ലക്ഷ്യമിടുന്നത്.