ഇ-ഇൻവോയ്സിങ്: സർവീസ് പ്രൊവൈഡർമാരെ നിശ്ചയിക്കാനുള്ള കാലാവധി യുഎഇ നീട്ടി; 2027 ജനുവരി മുതൽ നിർബന്ധം

 

യുഎഇയിലെ ഇ-ഇൻവോയ്സിങ് സംവിധാനവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതികൾ വരുത്തി ധനമന്ത്രാലയം. അംഗീകൃത സർവീസ് പ്രൊവൈഡർമാരെ (ASP) തിരഞ്ഞെടുക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയപരിധി ഒക്ടോബർ 30 വരെ നീട്ടി. നേരത്തെ ഇത് ജൂലൈ 31 വരെയായിരുന്നു. വാർഷിക വരുമാനം 5 കോടി ദിർഹത്തിന് (50 ദശലക്ഷം) മുകളിലുള്ള സ്ഥാപനങ്ങൾക്കാണ് ഈ മാറ്റം പ്രധാനമായും ബാധകമാകുന്നത്. വിപണിയുടെ സജ്ജീകരണവും ബിസിനസ് മേഖലയിൽ നിന്നുള്ള അഭിപ്രായങ്ങളും കണക്കിലെടുത്താണ് മന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തത്. സാങ്കേതികമായി കൂടുതൽ ഓപ്ഷനുകൾ ലഭ്യമാക്കാനും സേവനദാതാക്കൾക്കിടയിൽ മത്സരാധിഷ്ഠിതമായ നിരക്കുകൾ ഉറപ്പാക്കാനും ഈ അധിക സമയം ബിസിനസ് സ്ഥാപനങ്ങൾക്ക് സഹായകമാകും. നിലവിൽ 32 സേവനദാതാക്കൾക്ക് മന്ത്രാലയം അംഗീകാരം നൽകിക്കഴിഞ്ഞു.

പ്രാദേശിക കമ്പനികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ‘വൈറ്റ്-ലേബൽ’ എന്ന പുതിയ സംവിധാനവും മന്ത്രാലയം അവതരിപ്പിച്ചു. ഇതനുസരിച്ച് യുഎഇയിലെ ദേശീയ കമ്പനികൾക്ക് രാജ്യാന്തര സേവനദാതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കും. വിദേശ കമ്പനികളുടെ സാങ്കേതിക വിദ്യയും അറിവും പ്രാദേശിക സ്ഥാപനങ്ങളിലേക്ക് കൈമാറുന്നതിനും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനും ഈ നീക്കം ഉപകരിക്കും. സർവീസ് പ്രൊവൈഡർമാരെ നിശ്ചയിക്കാനുള്ള തീയതിയിൽ മാറ്റം വരുത്തിയെങ്കിലും, ഇ-ഇൻവോയ്സിങ് സംവിധാനം പൂർണ്ണമായി നടപ്പിലാക്കേണ്ട അവസാന തീയതിയിൽ മാറ്റമില്ല എന്നത് ശ്രദ്ധേയമാണ്.

2027 ജനുവരി 1 മുതൽ നിബന്ധനകൾക്ക് വിധേയമായ എല്ലാ സ്ഥാപനങ്ങളും പുതിയ സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്. നികുതി നിയമങ്ങൾ പാലിക്കുന്നത് കൂടുതൽ എളുപ്പമാക്കാനും സുതാര്യമായ സാമ്പത്തിക അന്തരീക്ഷം ഒരുക്കാനുമുള്ള മന്ത്രാലയത്തിന്റെ നീക്കങ്ങൾക്ക് ഈ ഭേദഗതികൾ കരുത്തുപകരും. നിലവിൽ കൂടുതൽ സ്ഥാപനങ്ങൾ അംഗീകൃത സേവനദാതാക്കളാകാനുള്ള അവസാന ഘട്ട നടപടികളിലാണ്. ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് യുഎഇ ഈ പുതിയ നടപടികൾ വേഗത്തിലാക്കുന്നത്.