ജെൻസൻ ഹുവാങ്ങിനെ സ്വന്തം കമ്പനിയിൽ നിയമിക്കാൻ താൽപ്പര്യമുണ്ടെന്ന് ഇലോൺ മസ്ക്; 'അതൊരു വലിയ ബഹുമതിയായിരിക്കും'
ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടർന്ന് എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് അന്വേഷണം നേരിടുന്നതിനിടയിൽ, അദ്ദേഹത്തെ സ്വന്തം കമ്പനിയിൽ നിയമിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ടെസ്ല മേധാവി ഇലോൺ മസ്ക്. ജെൻസൻ ഹുവാങ്ങിനെ തന്റെ കമ്പനിയിൽ നിയമിക്കാൻ സാധിക്കുന്നത് വലിയൊരു ബഹുമതിയായിരിക്കുമെന്ന് മസ്ക് വ്യക്തമാക്കി. എക്സ് (ട്വിറ്റർ) ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കാനുള്ള പദ്ധതികൾക്കായി ചിപ്പുകൾ ലഭ്യമാക്കുന്നതിൽ സ്പേസ്എക്സ് എൻവിഡിയയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഹുവാങ്ങിനെ തന്റെ പഴയ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് മസ്ക് പരസ്യമായി പ്രശംസിക്കുകയും ചെയ്തിരുന്നു. യു.എസ് ചൈനീസ് ചാരയായി സംശയിക്കുന്ന സ്ത്രീയുമായുള്ള ബന്ധവും മറ്റ് വ്യക്തിപരമായ വിവാദങ്ങളും കാരണം ഹുവാങ് കടുത്ത സമ്മർദ്ദം നേരിടുന്നതിനിടയിലാണ് മസ്കിന്റെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. കമ്പ്യൂട്ടിങ് ശേഷി വികസിപ്പിക്കാനും സെമികണ്ടക്ടർ നിർമാണ സൗകര്യങ്ങൾ ഒരുക്കാനുമുള്ള മസ്കിന്റെ പദ്ധതികളെ ഹുവാങ് നേരത്തെ അനുകൂലിച്ചിരുന്നു. സെപ്റ്റംബറിൽ സ്പേസ്എക്സും ടെസ്ലയും ചേർന്ന് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 'ടെറാഫാബ്' സെമികണ്ടക്ടർ പദ്ധതിയെ ഹുവാങ് പ്രശംസിച്ചിരുന്നു. മെയ് മാസത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം എയർഫോഴ്സ് വൺ വിമാനത്തിൽ ഇരുവരും ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു.
സിംഗപ്പൂർ ആസ്ഥാനമായുള്ള ക്ലൗഡ് കമ്പ്യൂട്ടിങ് കമ്പനിയുടെ മുൻ എക്സിക്യൂട്ടീവായ ആലീസ് ഹുവാങ്ങുമായി ജെൻസന് ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. യു.എസ് അധികാരികൾ ആലീസ് ഹുവാങ്ങിനെ ചൈനീസ് രഹസ്യാന്വേഷണ ഏജന്റായി സംശയിക്കുന്നുണ്ട്. ജെൻസൻ ഈ ബന്ധം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ, കമ്പനിയുടെ ഹെൽത്ത്കെയർ വൈസ് പ്രസിഡന്റ് കിംബർലി പവലുമായി എൻവിഡിയ സി.ഇ.ഒക്ക് മറ്റൊരു ബന്ധം കൂടിയുണ്ടെന്ന് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.