ഓരോ മിനിറ്റിലും വിറ്റുപോയത് 194 ബിരിയാണി; കണക്ക് പുറത്തുവിട്ട് സ്വിഗ്ഗി
ഇന്ത്യയിലെ ജനപ്രിയ ഭക്ഷണങ്ങളുടെ പട്ടികയിൽ തുടർച്ചയായ പത്താം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി ബിരിയാണി. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ബിരിയാണിയുടെ ഈ അപ്രമാദിത്വം വ്യക്തമാകുന്നത്. ഓരോ മൂന്ന് സെക്കൻഡിലും ഒരു ബിരിയാണി എന്ന നിലയിലാണ് ഇന്ത്യക്കാർ സ്വിഗ്ഗിയിലൂടെ ഓർഡർ നൽകുന്നത്. അതായത് മിനിറ്റിൽ ശരാശരി 194 ബിരിയാണികൾ വിറ്റുപോയിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സൊമാറ്റോ ഉൾപ്പെടെയുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലെ കണക്കുകൾ കൂടി ചേർത്താൽ ഈ സംഖ്യ ഇനിയും വർധിക്കും.
സ്വിഗ്ഗിയുടെ കണക്കനുസരിച്ച് ഈ വർഷം ഇതുവരെ 93 മില്യൺ ബിരിയാണികളാണ് ആപ്പ് വഴി വിറ്റുപോയത്. ഇതിൽ 57.7 മില്യൺ ഓർഡറുകളും ചിക്കൻ ബിരിയാണിക്ക് വേണ്ടിയായിരുന്നു. ബിരിയാണിക്ക് പിന്നാലെ രണ്ടാം സ്ഥാനത്തുള്ളത് ബർഗറാണ്. 44.2 മില്യൺ ഓർഡറുകളാണ് ഈ വർഷം ബർഗറിനായി സ്വിഗ്ഗിയിൽ ലഭിച്ചത്. 40.1 മില്യൺ ഓർഡറുകളുമായി പിസ്സ മൂന്നാം സ്ഥാനത്തും 26.2 മില്യൺ ഓർഡറുകളുമായി വെജിറ്റബിൾ ദോശ നാലാം സ്ഥാനത്തുമുണ്ട്.
ഇന്ത്യയിൽ ഭക്ഷണമെന്നത് വെറും വിശപ്പടക്കാനുള്ള മാർഗ്ഗം മാത്രമല്ല, മറിച്ച് സന്തോഷ നിമിഷങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗം കൂടിയാണെന്ന് സ്വിഗ്ഗി സിഇഒ രോഹിത് കപൂർ പറഞ്ഞു. 93 മില്യൺ ബിരിയാണികൾ വിറ്റുപോയത് കേവലം കച്ചവടമല്ലെന്നും അത് ജനങ്ങളുടെ നല്ല ഓർമ്മകളുടെയും നിമിഷങ്ങളുടെയും ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യക്കാരുടെ ഇഷ്ടവിഭവങ്ങളിൽ ബിരിയാണിക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ലെന്ന് ഈ കണക്കുകൾ ഒരിക്കൽ കൂടി അടിവരയിടുന്നു.