കുടുംബകലഹം; നിലമ്പൂരിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു

 

കുടുംബതർക്കത്തെത്തുടർന്ന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. നിലമ്പൂരിനടുത്ത് കൂറ്റമ്പാറയിലാണ് നടുക്കുന്ന സംഭവം നടന്നത്. കരുളായി പള്ളിക്കുന്ന് പുളിക്കത്തടത്തിൽ രജില (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർതൃമാതാവ് ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് കൊലപാതകം നടന്നത്. വീട്ടിൽനിന്ന് രജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെയാണ്. ഉടൻതന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശാന്തയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി. പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.