സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളിയുമായി ഫ്ളിപ്കാർട്ടിന്റെ പുതിയ ഫുഡ് ഡെലിവറി സേവനം; 'ഈറ്റ് ഇൻ മിനിറ്റ്സ്' വരുന്നു
ഇന്ത്യൻ ഫുഡ് ഡെലിവറി വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാർട്ട്. ‘ഈറ്റ് ഇൻ മിനിറ്റ്സ്’ (Eat in Minutes) എന്ന പേരിൽ പുതിയ ഫുഡ് ഡെലിവറി സേവനം അവതരിപ്പിക്കാൻ കമ്പനി തയാറെടുക്കുകയാണ്. വിപണിയിലെ വമ്പന്മാരായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയ്ക്ക് കടുത്ത മത്സരം സമ്മാനിക്കുന്നതാണ് ഫ്ളിപ്കാർട്ടിന്റെ ഈ പുതിയ നീക്കം. നിലവിൽ ബെംഗളൂരുവിൽ സേവനത്തിന്റെ പരീക്ഷണങ്ങൾ നടന്നു വരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫ്ളിപ്കാർട്ടിന്റെ പ്രധാന ഷോപ്പിങ് ആപ്പിൽ ഒരു പ്രത്യേക ടാബിലൂടെ ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താനാകും. 'ഫ്ളിപ്കാർട്ട് മിനിറ്റ്സ്' എന്ന ക്വിക്ക് കൊമേഴ്സ് മാതൃകയിലാണ് പുതിയ സംവിധാനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കമ്പനി ജീവനക്കാരെ ഉൾപ്പെടുത്തിയാണ് ഇതിന്റെ പരീക്ഷണങ്ങൾ നടക്കുന്നത്. ONDC (ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്) വഴിയും ഫ്ളിപ്കാർട്ടുമായി നേരിട്ട് കരാറിലായ റെസ്റ്റോറന്റുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കുമെന്നാണ് വിവരം. സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തുന്ന ഇന്ത്യൻ ഫുഡ് ഡെലിവറി രംഗത്ത് ഫ്ളിപ്കാർട്ടിന്റെ കടന്നുവരവ് വലിയ മാറ്റങ്ങൾക്ക് കാരണമാകും.