ഇന്ത്യയിൽ ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു
ഇന്ത്യയിൽ ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. പുതിയ വിലവർദ്ധനവോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 113.52 രൂപയായും ഡീസൽ വില 102.44 രൂപയായും ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് രാജ്യത്തെ വിലക്കയറ്റത്തിന് കാരണമായി കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ ഇന്ധനവില ഇനിയും 20 രൂപയോളം വർദ്ധിപ്പിക്കണമെന്ന കടുത്ത സമ്മർദ്ദം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അടക്കമുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ സർക്കാരിന് മേൽ ചെലുത്തുന്നുണ്ട്. ഇത് വരുംദിവസങ്ങളിലും ഘട്ടംഘട്ടമായി വില വീണ്ടും ഉയർന്നേക്കുമെന്ന സൂചനയാണ് നൽകുന്നത്.
ചരക്കുകടത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഡീസൽ ആയതിനാൽ, നിലവിലെ വിലവർദ്ധനവ് രാജ്യത്ത് ചരക്കുകൂലി കുത്തനെ കൂട്ടാൻ ഇടയാക്കും. ഇത് പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ കടുത്ത വിലക്കയറ്റത്തിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാർ. പ്രതിസന്ധി കണക്കിലെടുത്ത് പൊതുജനങ്ങൾ അനാവശ്യ വിദേശയാത്രകൾ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ, ഇന്ധന ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ സർക്കാർ-സ്വകാര്യ ഓഫീസുകളിൽ ആഴ്ചയിൽ രണ്ടുദിവസം 'വർക്ക് ഫ്രം ഹോം' നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് അധികൃതർ കടന്നിരിക്കുകയാണ്.