സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു
മേയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,995 രൂപയും ഒരു പവൻ സ്വർണ്ണത്തിന് 1,11,960 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വർണ്ണവില ഈ മാസത്തെ റെക്കോർഡ് നിരക്കിലെത്തിയിരുന്നു.
സംസ്ഥാനത്ത് വില കുറഞ്ഞെങ്കിലും രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഉയർന്നു നിൽക്കുകയാണ്. സ്‌പോട്ട് ഗോൾഡ് വിലയിൽ 0.7 ശതമാനം വർധനവുണ്ടായി ഔൺസിന് 4,719.85 ഡോളർ എന്ന നിരക്കിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളിലും വർധനവ് ദൃശ്യമാണ്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ തുടരുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയിൽ ചലനമുണ്ടാക്കിയിട്ടുണ്ട്. ഇറാൻ സംഘർഷം ആരംഭിച്ചതിന് ശേഷം സ്വർണ്ണവിലയിൽ 10 ശതമാനത്തോളം ഇടിവുണ്ടായതായാണ് കണക്കുകൾ.
അതേസമയം, ഇന്ത്യൻ ഓഹരി വിപണി ഇന്ന് കനത്ത നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 423.91 പോയിന്റ് ഇടിഞ്ഞ് 77,420.92ലും നിഫ്റ്റി 134 പോയിന്റ് നഷ്ടത്തിൽ 24,190.90ലുമാണ് വ്യാപാരം നടത്തുന്നത്. ക്രൂഡോയിൽ വില 100 ഡോളറിന് അടുത്തേക്ക് ഉയർന്നതും വിദേശ നിക്ഷേപകർ ഓഹരികൾ വൻതോതിൽ വിറ്റഴിക്കുന്നതുമാണ് വിപണിക്ക് തിരിച്ചടിയായത്.