യുഎഇയിൽ സ്വർണ്ണവില സർവകാല റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്നു
യുഎഇയിൽ സ്വർണ്ണവില സർവകാല റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്നു.ദുബായിൽ ഇന്ന് 24 ക്യാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 558 ദിർഹം എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി.22 കാരറ്റിന് 516.75 ദിർഹമാണ് ഇന്നത്തെ നിരക്ക്. 21 കാരറ്റിന് 495.5 ദിർഹവും 18 കാരറ്റിന് 424.5 ദിർഹവുമാണ് നിലവിലെ വിലനിലവാരം.
രാജ്യാന്തര വിപണിയിൽ ഔൺസിന് 4600 ഡോളർ എന്ന നിർണായക നിലവാരം ആദ്യമായി മറികടന്നതോടെയാണ് ഈ കുതിച്ചുചാട്ടം.ഇതിനുപുറമെ, വെള്ളി വില ചരിത്രത്തിലാദ്യമായി 90 ഡോളർ കടന്ന് 91.53 ഡോളറിലെത്തി. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ കുറവ് വരുത്തിയേക്കുമെന്ന സൂചനകളും ഇറാൻ-അമേരിക്കൻ ബന്ധത്തിലെ അസ്വാരസ്യങ്ങൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്.
അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു. വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ ഇന്ത്യയെ അപേക്ഷിച്ച് ദുബായിൽ 10 ഗ്രാം സ്വർണ്ണത്തിന് ഏകദേശം 6,600 രൂപയോളം വിലക്കുറവുണ്ട് എന്നത് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇപ്പോഴും ആകർഷകമാണ്.