സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയർന്നു, പവന് 1,160 രൂപ കൂടി

 

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവുണ്ടാകുമെന്ന സൂചനകളെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ ചലനങ്ങളുടെ പ്രതിഫലനമായി സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയർന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിടിഞ്ഞതും ഡോളറും ബോണ്ട് നിരക്കുകളും ദുർബലമായതുമാണ് സ്വർണ്ണവില വീണ്ടും വർദ്ധിക്കാൻ കാരണമായത്.

കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 1,160 രൂപ വർദ്ധിച്ച് വില 1,15,600 രൂപയിലെത്തി. ഗ്രാമിന് 145 രൂപയാണ് കൂടിയത്; ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14,450 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വിപണി ശക്തമായ തിരിച്ചുകയറ്റം നടത്തിയത്. യുഎസും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാറിലെത്തുമെന്ന പ്രതീക്ഷകളാണ് ഇന്ന് ആഗോളതലത്തിൽ സ്വർണ്ണവിലയെ സ്വാധീനിച്ചത്.

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യങ്ങൾ ഒഴിഞ്ഞാൽ ക്രൂഡോയിൽ വില ഇനിയും താഴുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ ഡബ്ല്യുടിഐ (WTI) ക്രൂഡ് വില ബാരലിന് 88 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 93 ഡോളറിലുമാണ്. എണ്ണവില കുറയുന്നത് ഇന്ധന-പാചകവാതക നിരക്കുകൾ താഴാനും ആഗോളതലത്തിൽ പണപ്പെരുപ്പം കുറയ്ക്കാനും വഴിവെക്കും. പണപ്പെരുപ്പം കുറയുന്നതോടെ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശനിരക്ക് കുറയ്ക്കുമെന്നതിനാൽ ബോണ്ടുകളുടെ ആകർഷണീയത നഷ്ടപ്പെടുകയും നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് മാറുകയും ചെയ്യും. ഇത് വരും ദിവസങ്ങളിലും സ്വർണ്ണത്തിന് കരുത്താകും.

എന്നാൽ, ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ നീക്കങ്ങൾ പാളിയാൽ വിപണിയിലെ ഈ പ്രതീക്ഷകൾ അപ്പാടെ തലകീഴാകും. എണ്ണവില വീണ്ടും കൂടുകയും ഡോളർ കരുത്താർജ്ജിക്കുകയും ചെയ്താൽ സ്വർണ്ണവില താഴേക്ക് പോകും. രണ്ട് മാസത്തെ താൽക്കാലിക സമാധാന കരാറിന് ഏകദേശ ധാരണയായെന്ന യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ തള്ളി ഇറാൻ നിലവിൽ രംഗത്തെത്തിയിട്ടുള്ളത് വിപണിയിൽ നേരിയ അനിശ്ചിതത്വം നിലനിർത്തുന്നുണ്ട്.