എൽ.ഐ.സി.യുടെ 6.5 ശതമാനം ഓഹരികൾകൂടി വിൽക്കാൻ കേന്ദ്ര സർക്കാർ; ലക്ഷ്യമിടുന്നത് 31,000 കോടി രൂപ
പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) 6.5 ശതമാനം ഓഹരികൾ കൂടി ഓഫർ ഫോർ സെയിൽ (OFS) വഴി വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. പ്രാഥമികമായി 2.5 ശതമാനം ഓഹരികൾ വിൽക്കാനാണ് തീരുമാനിച്ചതെങ്കിലും, കൂടുതൽ ആവശ്യക്കാരെത്തിയാൽ ഗ്രീൻ ഷൂ ഓപ്ഷൻ (ഹോഴ്‌സ് ഷൂ ഓപ്ഷൻ) വഴി 4 ശതമാനം കൂടി നൽകും. പൂർണ്ണമായി വിറ്റഴിക്കാനായാൽ 31,000 കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.
ഓഹരിയൊന്നിന് 382 രൂപ അടിസ്ഥാന വിലയിട്ടാണ് ഇഷ്യു നടക്കുന്നത്. നിക്ഷേപ സ്ഥാപനങ്ങൾക്കും വൻകിട നിക്ഷേപകർക്കുമുള്ള അപേക്ഷാ നടപടികൾ ചൊവ്വാഴ്ച പൂർത്തിയായി. ബി.എസ്.ഇ (BSE) കണക്കുകൾ പ്രകാരം 94.45 കോടി ഓഹരികൾക്കായി ചൊവ്വാഴ്ച അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ചെറുകിട നിക്ഷേപകർക്ക് ബുധനാഴ്ച മുതൽ അപേക്ഷിക്കാം. ഗ്രീൻ ഷൂ ഓപ്ഷൻ ഉൾപ്പെടെ നിക്ഷേപ സ്ഥാപനങ്ങൾക്കായി 74 കോടി ഓഹരികളും ചെറുകിട നിക്ഷേപകർക്കായി പരമാവധി 8.22 കോടി ഓഹരികളുമാണ് മാറ്റിവെച്ചിരിക്കുന്നത്.
നിയമപ്രകാരം ലിസ്റ്റ് ചെയ്ത കമ്പനിയുടെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിൽ എത്തിക്കേണ്ടതുണ്ട്. നിലവിൽ എൽ.ഐ.സിയിൽ സർക്കാരിന് 96.5 ശതമാനം ഓഹരിയാണുള്ളത് (പൊതു ഓഹരി പങ്കാളിത്തം 3.5% മാത്രം). സെബി (SEBI) നിർദ്ദേശപ്രകാരം 2027 മേയ് മാസത്തിനകം ഇത് കുറഞ്ഞത് 10 ശതമാനമെങ്കിലും ഉയർത്തേണ്ടതുണ്ട്. 6.5 ശതമാനം ഓഹരികൾ കൂടി വിറ്റഴിക്കുന്നതോടെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 90 ശതമാനമായി കുറയും. അതിനിടെ, ഒ.എഫ്.എസ് പ്രഖ്യാപനത്തിന് പിന്നാലെ എൽ.ഐ.സി ഓഹരി വില വിപണിയിൽ 7.86 ശതമാനം ഇടിഞ്ഞെങ്കിലും ബുധനാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിയ വീണ്ടെടുപ്പ് നടത്തി ഓഹരിയൊന്നിന് 394 രൂപ നിലവാരത്തിലെത്തി.