വ്യാജ പ്രൊമോഷനുകൾക്ക് കനത്ത പിഴയും തടവും; ബഹ്‌റൈനിൽ ഉപഭോക്തൃ സംരക്ഷണ നിയമം കർശനമാക്കുന്നു
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വ്യാജ പ്രൊമോഷനുകൾക്കും ഓഫറുകൾക്കുമെതിരെ കർശന നടപടിയുമായി ബഹ്‌റൈൻ രംഗത്ത്. ഇതുസംബന്ധിച്ച ഉപഭോക്തൃ സംരക്ഷണ നിയമഭേദഗതിക്ക് ശൂറ കൗൺസിൽ അംഗീകാരം നൽകി. സോഷ്യൽ മീഡിയ വഴിയുള്ള പരസ്യങ്ങളും ഡിസ്‌കൗണ്ടുകളും ഇനി മുതൽ പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് കൂടുതൽ വേഗതയേറിയതും വ്യക്തവുമായ നിയമനടപടികൾ ആവശ്യമാണെന്ന് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു വ്യക്തമാക്കി.
പുതിയ നിയമപ്രകാരം നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാൻ മന്ത്രാലയത്തിന് അധികാരം ലഭിക്കും. ആവശ്യമെങ്കിൽ ഈ കാലാവധി മൂന്ന് മാസം കൂടി നീട്ടാനും സാധിക്കും. ഗുരുതരമായ ലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്ഥാപനത്തിന്റെ കൊമേഴ്‌സ്യൽ രജിസ്റ്റർ തന്നെ റദ്ദാക്കാനും നിയമം അനുവദിക്കുന്നുണ്ട്. നടപടി നേരിടുന്ന സ്ഥാപനങ്ങൾക്ക് മുൻപിൽ നോട്ടീസ് പ്രദർശിപ്പിക്കുന്നതിനൊപ്പം ഈ വിവരം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താനും അധികൃതർക്ക് അധികാരമുണ്ടാകും.
പിഴ ശിക്ഷയുടെ കാര്യത്തിലും വലിയ വർധനവാണ് വരുത്തിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് പ്രതിദിനം 1,000 ദിനാർ മുതൽ 2,000 ദിനാർ വരെ പിഴ ചുമത്താം. ഒരു ലംഘനത്തിന് പരമാവധി 20,000 ദിനാർ വരെയാണ് പിഴ ഈടാക്കുക. സോഷ്യൽ മീഡിയ പ്രൊമോഷനുകൾക്ക് ലൈസൻസ് നിർബന്ധമാക്കിയതിലൂടെ വ്യാജ ഡിസ്‌കൗണ്ടുകൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നത് പൂർണ്ണമായും തടയാനാകുമെന്ന് മന്ത്രാലയം അറിയിച്ചു. കോടതി നടപടികൾക്കായി കാത്തുനിൽക്കാതെ തന്നെ മന്ത്രാലയത്തിന് നേരിട്ട് അഡ്മിനിസ്‌ട്രേറ്റീവ് നടപടികൾ സ്വീകരിക്കാമെന്നതാണ് ഈ നിയമഭേദഗതിയുടെ പ്രധാന പ്രത്യേകത. നിയമം അന്തിമ അംഗീകാരത്തിനായി ഹമദ് രാജാവിന് സമർപ്പിച്ചു.