സൗദി ഓഹരി വിപണിയിൽ ചരിത്രപരമായ മാറ്റം; വിദേശികൾക്ക് നിയന്ത്രണങ്ങളില്ലാതെ ട്രേഡിംഗ് നടത്താം
സൗദി അറേബ്യയിലെ ഓഹരി വിപണിയായ 'തദാവുലിൽ' (Tadawul) വിദേശ നിക്ഷേപകർക്കുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കുന്നു. 2026 ഫെബ്രുവരി ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. ഇതോടെ ലോകത്തിന്റെ ഏത് ഭാഗത്തുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സൗദി വിപണിയിൽ നേരിട്ട് ഓഹരികൾ വാങ്ങാനും വിൽക്കാനും സാധിക്കും.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിപണിയായ തദാവുലിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ 'ക്വാളിഫൈഡ് ഫോറിൻ ഇൻവെസ്റ്റേഴ്‌സ്' (QFI) എന്ന പ്രോഗ്രാം വഴി നിശ്ചിത യോഗ്യതയുള്ളവർക്ക് മാത്രമായിരുന്നു നേരിട്ടുള്ള ട്രേഡിംഗിന് അനുമതിയുണ്ടായിരുന്നത്. നിക്ഷേപ പരിചയം, സാമ്പത്തിക രേഖകൾ തുടങ്ങിയവ ഹാജരാക്കി പ്രത്യേക അംഗീകാരം നേടേണ്ട ഈ കടമ്പയാണ് പുതിയ പരിഷ്കാരത്തോടെ ഇല്ലാതാകുന്നത്.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ജിസിസി പൗരന്മാർക്കും പ്രവാസികൾക്കും സൗദി ലൈസൻസുള്ള ബ്രോക്കർമാർ വഴി എളുപ്പത്തിൽ ട്രേഡിംഗ് നടത്താം. നേരിട്ടുള്ള ഓഹരി ഇടപാടുകൾക്ക് പുറമെ മ്യൂച്വൽ ഫണ്ടുകൾ, ഇക്വിറ്റി ഫണ്ടുകൾ, ശരിയ കംപ്ലയിന്റ് ഫണ്ടുകൾ എന്നിവയിലൂടെയും നിക്ഷേപം നടത്താനാകും. സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ സാമ്പത്തിക വിപണിയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ നിർണ്ണായക ചുവടുവെപ്പായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്.