ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ; 5,000 ഇന്ത്യക്കാർക്ക് വിസ, 8284 ഉൽപ്പന്നങ്ങൾക്ക് നികുതിയില്ല
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക-നയതന്ത്ര ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ച് സ്വതന്ത്ര വ്യാപാര കരാർ (FTA) ഒപ്പുവെച്ചു. ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയും ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമാണ് കരാറിൽ ഒപ്പിട്ടത്. "തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ചരിത്രപരമായ നീക്കം" എന്നാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ഈ കരാറിനെ വിശേഷിപ്പിച്ചത്.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള 8284 ഉൽപ്പന്നങ്ങൾ യാതൊരുവിധ ഇറക്കുമതി തീരുവയുമില്ലാതെ ന്യൂസിലൻഡ് വിപണിയിലെത്തും. തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, ഫർണിച്ചറുകൾ, പാദരക്ഷകൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഇത് വലിയ ഉണർവ് നൽകും. കൂടാതെ ഐടി, ടൂറിസം, വിദ്യാഭ്യാസം, സാമ്പത്തിക സേവനം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് ന്യൂസിലൻഡിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. ഇന്ത്യൻ മരുന്നുകൾക്കും ആയുർവേദം, യൂനാനി തുടങ്ങിയ ചികിത്സാ രീതികൾക്കും ന്യൂസിലൻഡ് ഔദ്യോഗിക അംഗീകാരം നൽകുമെന്നതും കരാറിലെ പ്രധാന നേട്ടമാണ്.
അടുത്ത 15 വർഷത്തിനുള്ളിൽ 2000 കോടി ഡോളറിന്റെ നിക്ഷേപം ന്യൂസിലൻഡ് ഇന്ത്യയിൽ നടത്തും. തൊഴിൽ മേഖലയിലും വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിവർഷം 1667 ഇന്ത്യക്കാർക്ക് 3 വർഷത്തെ താത്കാലിക തൊഴിൽ വിസ അനുവദിക്കും. പരമാവധി 5,000 വിസകളാണ് ഇത്തരത്തിൽ നൽകുക. ഇതിന് പുറമെ 1000 'വർക്ക് ആൻഡ് ഹോളിഡേ' വിസകളും അനുവദിക്കും. ന്യൂസിലൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മുതൽ 25 മണിക്കൂർ വരെ ജോലി ചെയ്യാനുള്ള അനുമതിയും കരാറിലൂടെ ഉറപ്പാക്കിയിട്ടുണ്ട്.