ഹോർമുസിന് ബദൽ ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ: സൗദിയടക്കമുള്ള രാജ്യങ്ങളുമായി ചർച്ച നടത്തി കുവൈത്ത്

 

ഹോർമുസ് കടലിടുക്കിന് ബദലായി പുതിയ ക്രൂഡ് ഓയിൽ കയറ്റുമതി പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായി സൗദി അറേബ്യ, യു.എ.ഇ അടക്കമുള്ള അയൽരാജ്യങ്ങളുമായി ചർച്ചകൾ നടത്തി കുവൈത്ത്. കുവൈത്തിന്റെ എണ്ണ കയറ്റുമതി തടസ്സപ്പെടാതിരിക്കാൻ സൗദി വഴി ചെങ്കടലിലേക്കോ ഒമാനിലേക്കോ, അതല്ലെങ്കിൽ യു.എ.ഇയിലെ ഫുജൈറ തുറമുഖം വഴിയോ ഉള്ള ബദൽ മാർഗങ്ങളാണ് നിലവിൽ പരിഗണിക്കുന്നതെന്ന് കുവൈത്ത് എണ്ണ മന്ത്രി താരിഖ് സുലൈമാൻ അൽ റൂമി ജാപ്പനീസ് വാർത്താ ഏജൻസിയായ ക്യോഡോയോട് വ്യക്തമാക്കുകയുണ്ടായി.

ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതിനെ തുടർന്ന് കുവൈത്തിന്റെ എണ്ണ കയറ്റുമതി നിലച്ച സാഹചര്യത്തിലാണ് ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ബദൽ പദ്ധതി സംബന്ധിച്ച് ചർച്ചകൾ സജീവമാക്കിയത്. ഇറാന്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച എണ്ണ സംഭരണ ടാങ്കുകളുടെ പുനർനിർമാണത്തിന് കുറഞ്ഞത് ഒരു വർഷമെങ്കിലും വേണമെന്നും രാജ്യത്തിനെതിരെയുള്ള ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടി.