റാസൽഖൈമയിൽ വർഷാദ്യ പകുതിയിൽ 7.75 കോടി ദിർഹമിന്റെ നിക്ഷേപം
ഈ വർഷം ആദ്യ ആറുമാസത്തിനിടെ 7.75 കോടിയിലധികം (77.5 ദശലക്ഷം) ദിർഹമിന്റെ മൂലധന നിക്ഷേപം റാസൽഖൈമയിലെത്തിയതായി റാക് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു. 967 പുതിയ സ്ഥാപനങ്ങൾ പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ടതാണ് ഈ വലിയ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കിയതെന്ന് ഡയറക്ടർ ജനറൽ ഡോ. റാശിദ് ഖൽഫാൻ അൽ നുഐമി വ്യക്തമാക്കി. ഈ കാലയളവിൽ 68 രാജ്യങ്ങളിൽ നിന്നായി 1,399 പുതിയ നിക്ഷേപകരാണ് എമിറേറ്റിലെത്തിയത്.
മൊത്തം 9,963 വാണിജ്യ ലൈസൻസുകൾ പുതുക്കുകയോ പുതിയതായി അനുവദിക്കുകയോ ചെയ്തിട്ടുണ്ട്. കൂടാതെ 138 സ്ഥാപനങ്ങൾ ഫ്രീ സോണുകളിൽ പ്രവർത്തനം ആരംഭിക്കുകയും പ്രാദേശിക-വിദേശ സ്ഥാപനങ്ങളുടെ 70 പുതിയ ശാഖകൾ റാസൽഖൈമയിൽ തുറക്കുകയും ചെയ്തു.
ഈ പുതിയ സംരംഭങ്ങളിലൂടെ അയ്യായിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ റാസൽഖൈമയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ കണക്കുകൾ.