ഐ.പി.എൽ വമ്പൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരികൾ വിൽപ്പനയ്ക്ക്; സ്വന്തമാക്കാൻ അമേരിക്കൻ നിക്ഷേപക സ്ഥാപനം
2027 ഐ.പി.എൽ സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശത്തിൽ വൻ മാറ്റത്തിന് കളമൊരുങ്ങുന്നു. ടീമിന്റെ സഹ-ഉടമയായ ജയ് മേത്ത തന്റെ കൈവശമുള്ള ഓഹരികളുടെ പകുതി അമേരിക്കൻ നിക്ഷേപക സ്ഥാപനമായ 'അരേസ് മാനേജ്മെന്റിന്' (Ares Management) വിൽക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഏകദേശം 400 ദശലക്ഷം ഡോളർ (3,300 കോടിയിലധികം രൂപ) മൂല്യമുള്ള ഈ കരാറിലൂടെ 22.5 ശതമാനം ഓഹരികളാണ് കൈമാറുന്നത്.
പൂർണമായും പണം നൽകിയുള്ള ഇടപാട് അന്തിമഘട്ടത്തിലാണെന്ന് 'ക്രിക്ബസ്' റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ മൂന്ന് തവണ ഐ.പി.എൽ കിരീടം ചൂടിയ നൈറ്റ് റൈഡേഴ്സിന്റെ ആകെ വിപണി മൂല്യം 1.78 ബില്യൺ ഡോളറായി (ഏകദേശം 16,634 കോടി രൂപ) കുതിച്ചുയർന്നു. കെ.കെ.ആറിന്റെ മൂല്യം 1.738 ബില്യൺ ഡോളറായി കണക്കാക്കിയ സ്പോർട്ടിക്കോയുടെ സമീപകാല വിലയിരുത്തലിനെ ശരിവെക്കുന്നതാണ് ഈ പുതിയ കരാർ. ആഗോള നിക്ഷേപകർക്കിടയിൽ ഐ.പി.എൽ ടീമുകൾക്കുള്ള വർധിച്ചുവരുന്ന വാണിജ്യ സ്വീകാര്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഓഹരി പങ്കാളിത്തവും ബി.സി.സി.ഐ അനുമതിയും
നിലവിൽ കെ.കെ.ആറിന്റെ 45 ശതമാനം ഓഹരികളാണ് ജയ് മേത്തയ്ക്കുള്ളത്. ബാക്കിയുള്ള 55 ശതമാനം ഓഹരികൾ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ജയ് മേത്തയുടെ ഭാര്യയും നടിയുമായ ജൂഹി ചൗളയുടെയും ഉടമസ്ഥതയിലാണ്. 2007-ലെ പ്രഥമ ഐ.പി.എൽ ലേലത്തിലൂടെയാണ് ഇവർ ടീമിനെ സ്വന്തമാക്കിയത്. പുതിയ ഓഹരി വിൽപന പൂർത്തിയാകുന്നതോടെ ഫ്രാഞ്ചൈസിയിൽ നിർണായകമായ ന്യൂനപക്ഷ പങ്കാളിത്തം അരേസ് മാനേജ്മെന്റിന് ലഭിക്കും.
ഓഹരി കൈമാറ്റത്തിന് ബി.സി.സി.ഐയുടെ ഔദ്യോഗിക അനുമതി അനിവാര്യമാണ്. പുതിയ നിക്ഷേപകരുടെ പശ്ചാത്തലം ബോർഡ് സൂക്ഷ്മമായി പരിശോധിച്ച ശേഷമാകും അന്തിമ അനുമതി നൽകുക. ഐ.പി.എൽ ചട്ടപ്രകാരം ഈ ഇടപാട് തുകയുടെ അഞ്ച് ശതമാനം, അതായത് ഏകദേശം 20 ദശലക്ഷം ഡോളർ (ഏകദേശം 200 കോടി രൂപ) ബി.സി.സി.ഐയ്ക്ക് ലഭിക്കും.
ആഗോള കായികരംഗത്തെ അരേസ് സാന്നിധ്യം
കായിക മേഖലയിൽ വലിയ നിക്ഷേപങ്ങളുള്ള സ്ഥാപനമാണ് അരേസ് മാനേജ്മെന്റ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി എഫ്.സി, എൻ.എഫ്.എൽ ടീമായ മയാമി ഡോൾഫിൻസ് എന്നിവയിൽ ഇവർക്ക് ഓഹരി പങ്കാളിത്തമുണ്ട്. കൂടാതെ ഇംഗ്ലണ്ടിലെ 'ദി ഹൺഡ്രഡ്' ലീഗിലെ 'ട്രെന്റ് റോക്കറ്റ്സ്' ടീമിന്റെ സഹ-ഉടമസ്ഥതയിലൂടെ ക്രിക്കറ്റ് രംഗത്തും ഇവർ സജീവമാണ്.
സമീപകാലത്തായി ഐ.പി.എൽ ടീമുകളിൽ അമേരിക്കൻ നിക്ഷേപകരുടെ താല്പര്യം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ ബ്ലാക്ക്സ്റ്റോൺ, ബോൾട്ട് വെഞ്ച്വേഴ്സ് എന്നിവർക്ക് നിക്ഷേപമുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെ ഏറ്റെടുത്തിരുന്ന സി.വി.സി ക്യാപിറ്റൽ പിന്നീട് ഭൂരിഭാഗം ഓഹരികളും ടോറന്റ് ഗ്രൂപ്പിന് കൈമാറുകയും 33 ശതമാനം ഓഹരികൾ നിലനിർത്തുകയും ചെയ്തിരുന്നു. 2012, 2014, 2024 വർഷങ്ങളിൽ ചാമ്പ്യന്മാരാവുകയും 2021-ൽ റണ്ണേഴ്സ് അപ്പാവുകയും ചെയ്ത കെ.കെ.ആർ, ഐ.പി.എല്ലിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡുകളിലൊന്നാണ്.