ഹോർമുസ് കടലിടുക്കിൽ രണ്ട് ചരക്ക് കപ്പലുകൾ ഇറാൻ പിടിച്ചെടുത്തു; ഒന്ന് ഇന്ത്യയിലേക്കുള്ളത്
ഹോർമുസ് കടലിടുക്ക് വഴി കടക്കാൻ ശ്രമിച്ച രണ്ട് ചരക്ക് കപ്പലുകൾ ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) നാവികസേന പിടിച്ചെടുത്തു. പനാമയുടെ പതാകയേന്തിയ 'എം.എസ്.സി ഫ്രാൻസിസ്‌ക', ലൈബീരിയൻ പതാകയുള്ള 'എപാമിനോണ്ടസ്' എന്നീ കപ്പലുകളാണ് ഇറാൻ തടഞ്ഞുവെച്ചിരിക്കുന്നത്. ഇതിൽ ലൈബീരിയൻ കപ്പലായ എപാമിനോണ്ടസ് യുഎഇയിലെ ജബൽ അലി തുറമുഖത്ത് നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്നുവെന്ന് കപ്പൽ ട്രാക്കിങ് ഡാറ്റകൾ സൂചിപ്പിക്കുന്നു. ഹോർമുസിൽ വെച്ച് കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
സമുദ്ര സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുവെന്നും അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ചുവെന്നുമാണ് ഇറാൻ ആരോപിക്കുന്നത്. ഹോർമുസ് കടലിടുക്ക് വിട്ട് രഹസ്യമായി പുറത്തുപോകാൻ ശ്രമിക്കുന്നതിനിടെയാണ് കപ്പലുകൾ തടഞ്ഞതെന്ന് ഐആർജിസി പ്രസ്താവനയിൽ അറിയിച്ചു. തന്ത്രപ്രധാനമായ ഈ മേഖലയിൽ ഇറാനിയൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അവർ വ്യക്തമാക്കി. രണ്ട് കപ്പലുകളെയും നിലവിൽ പരിശോധനകൾക്കായി ഇറാനിയൻ തീരത്തേക്ക് മാറ്റിയിരിക്കുകയാണ്.
ഗ്രീക്ക് ഉടമസ്ഥതയിലുള്ള മൂന്നാമതൊരു കപ്പലിനെ കൂടി ലക്ഷ്യമിട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന കപ്പലുകൾ ഇറാൻ നിശ്ചയിച്ച ചട്ടങ്ങൾ ലംഘിച്ചാൽ കർശനമായ നടപടിയുണ്ടാകുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി. അമേരിക്കയുമായുള്ള വെടിനിർത്തൽ നീട്ടിയെങ്കിലും ഹോർമുസിലെ സംഘർഷം അയവില്ലാതെ തുടരുന്നത് ആഗോള കപ്പൽ ഗതാഗതത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.