മിഡിൽ ഈസ്റ്റിലേക്കും നോർത്ത് ആഫ്രിക്കയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് ജിയോ ഹോട്സ്റ്റാർ; സ്റ്റാർസ്പ്ലേയുമായി പങ്കാളിത്തം

 

ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്സ്റ്റാർ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. മേഖലയിലെ മുൻനിര സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റാർസ്പ്ലേയുമായി (STARZPLAY) പങ്കാളിത്തത്തിൽ ഏർപ്പെട്ടാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. യുകെ, കാനഡ, സിംഗപ്പൂർ എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് ജിയോഹോട്സ്റ്റാർ കൂടുതൽ വിദേശ വിപണികളിലേക്ക് പ്രവേശിക്കുന്നത്. പുതിയ സേവനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി ദുബായിലെ ബുർജ് ഖലീഫയിൽ ഗംഭീര പ്രകാശവിന്യാസവും സംഘടിപ്പിച്ചു.

പങ്കാളിത്തത്തിലൂടെ സ്റ്റാർസ്പ്ലേ ആപ്പിലും വെബ്‌സൈറ്റിലും ജിയോഹോട്സ്റ്റാറിനായി പ്രത്യേക വിഭാഗം ലഭ്യമാകും. ജിയോഹോട്സ്റ്റാർ ഒറിജിനലുകൾ, സൂപ്പർഹിറ്റ് സിനിമകൾ, ടിവി ഷോകൾ, ആറ് ഭാഷകളിലെ ബിഗ് ബോസ്, കോഫി വിത്ത് കരൺ തുടങ്ങിയ റിയാലിറ്റി ഷോകൾ എന്നിവ ഇന്ത്യയിലെ റിലീസിനൊപ്പം 10 ഭാഷകളിൽ ലഭ്യമാകും. പ്രത്യേകം മലയാളം കണ്ടന്റുകളും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം 34.99 ദിർഹത്തിന്റെ പ്ലസ് പ്ലാൻ, സ്പോർട്സ് പാക്കേജ് ഉൾപ്പെടുന്ന 49.99 ദിർഹത്തിന്റെ മാക്സ് പ്ലാൻ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗിക്കാം.