കെ.എഫ്.സി ചിക്കനും പിസയും ഇനി ഒരുമിച്ച്; മുൻനിര ക്യൂ.എസ്.ആർ കമ്പനികൾ ലയിക്കുന്നു

 

രാജ്യത്തെ മുൻനിര ക്വിക് സർവിസ് റസ്റ്ററന്റ് (QSR) ശൃംഖലകളായ ദേവയാനി ഇന്റർനാഷനലും സഫയർ ഫൂഡ്‌സ് ഇന്ത്യയും ലയിക്കുന്നു. കെ.എഫ്.സി (KFC), പിസ ഹട്ട് (Pizza Hut) എന്നിവയുടെ ഇന്ത്യയിലെ ഫ്രാഞ്ചൈസികൾ നടത്തുന്ന ഈ രണ്ട് വമ്പൻ കമ്പനികളും ഒന്നിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ റസ്റ്ററന്റ് ശൃംഖലയായി ഇത് മാറും. വ്യാഴാഴ്ച വൈകിയാണ് ലയനം സംബന്ധിച്ച വിവരം കമ്പനികൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്.

ലയനത്തോടെ പുതിയ കമ്പനിയുടെ കീഴിലുള്ള ആകെ സ്റ്റോറുകളുടെ എണ്ണം 3000 കടക്കും. ഏപ്രിൽ 11-ഓടെ ലയന നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലയന കരാർ പ്രകാരം സഫയർ ഫൂഡ്‌സിന്റെ 100 ഓഹരികൾ കൈവശമുള്ള നിക്ഷേപകർക്ക് ദേവയാനി ഇന്റർനാഷനലിന്റെ 177 ഓഹരികൾ ലഭിക്കും. ഈ നീക്കത്തിലൂടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 225 കോടി രൂപയുടെ സാമ്പത്തിക ലാഭം ഇരു കമ്പനികളും ലക്ഷ്യമിടുന്നുണ്ട്.

വാർത്ത പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ദേവയാനിയുടെ ഓഹരി വിലയിൽ മൂന്ന് ശതമാനത്തിലേറെ വർധനവുണ്ടായപ്പോൾ, സഫയറിന്റെ ഓഹരികൾ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി.

വ്യവസായി രവി ജയ്പൂരിയയുടെ നേതൃത്വത്തിലുള്ള ആർ.ജെ കോർപറേഷന്റെ ഭാഗമാണ് ദേവയാനി ഇന്റർനാഷനൽ. ഇന്ത്യക്ക് പുറമെ നൈജീരിയ, നേപ്പാൾ, തായ്‌ലൻഡ് എന്നിവിടങ്ങളിലും ഇവർക്ക് സാന്നിധ്യമുണ്ട്. സമാറ കാപിറ്റൽ സ്ഥാപിച്ച സഫയർ ഫൂഡ്‌സിന് ഇന്ത്യയെ കൂടാതെ ശ്രീലങ്കയിലും മാലദ്വീപിലും സ്റ്റോറുകളുണ്ട്. ലയനം പൂർത്തിയാകുന്നതോടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ പുതിയ കമ്പനിക്ക് സാധിക്കും.