ഡിജിറ്റൽ കുതിപ്പിൽ കുവൈത്ത്; ഒമ്പത് മാസത്തിനിടെ നടന്നത് 40 ബില്യൺ ദിനാറിന്റെ ഇലക്ട്രോണിക് ഇടപാടുകൾ

 

പണമിടപാടുകൾക്കായി ഡിജിറ്റൽ സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുവൈത്തിൽ വൻതോതിൽ വർധിക്കുന്നു. ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ രാജ്യത്ത് ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ നടന്ന ആകെ പണമിടപാടുകൾ 40 ബില്യൺ ദിനാറിലെത്തിയതായി സെൻട്രൽ ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ഭൂരിഭാഗവും പണം നേരിട്ട് കൈമാറാതെയുള്ള ക്യാഷ്‌ലെസ് ഇടപാടുകളാണെന്നതും ശ്രദ്ധേയമാണ്.

ഇടപാടുകളിൽ 84 ശതമാനവും ക്യാഷ്‌ലെസ്

ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പ്രതിമാസം ശരാശരി 4.44 ബില്യൺ ദിനാറിന്റെ ഇടപാടുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ആകെ നടന്ന 40 ബില്യൺ ദിനാറിന്റെ ഇടപാടുകളിൽ 33.76 ബില്യൺ ദിനാറും പണം നേരിട്ട് കൈമാറാതെ ഇലക്ട്രോണിക് പേയ്‌മെന്റ് വഴിയാണ് നടന്നത്. ആകെ തുകയുടെ 84.4 ശതമാനമാണിത്. അതേസമയം, ഇക്കാലയളവിൽ എ.ടി.എം വഴി പിൻവലിച്ച തുക 6.24 ബില്യൺ ദിനാർ മാത്രമാണ്.

കാർഡ് മെഷീനുകളും ഓൺലൈൻ ഇടപാടുകളും മുന്നിൽ

ഡിജിറ്റൽ പണമിടപാടുകളിൽ ഏറ്റവും കൂടുതൽ തുക കൈമാറ്റം ചെയ്യപ്പെട്ടത് വ്യാപാര സ്ഥാപനങ്ങളിലെ കാർഡ് പേയ്‌മെന്റ് മെഷീനുകൾ (POS) വഴിയാണ്; 13.2 ബില്യൺ ദീനാറിന്റെ ഇടപാടുകളാണ് ഇതുവഴി നടന്നത്. ഓൺലൈൻ പണമിടപാടുകളിലൂടെ 11.8 ബില്യൺ ദിനാറും, തൽക്ഷണ പണമിടപാട് സംവിധാനമായ 'വംദ്' (Wamd) വഴി 8.44 ബില്യൺ ദിനാറും കൈമാറ്റം ചെയ്യപ്പെട്ടു.

ഒമ്പത് മാസത്തിനിടെ ഇത്തരം ഡിജിറ്റൽ സംവിധാനങ്ങൾ വഴി ആകെ 108 കോടി ഇടപാടുകളാണ് കുവൈത്തിൽ നടന്നത്. ഇതിൽ 96 ശതമാനം ഇടപാടുകളും രാജ്യത്തിനുള്ളിൽ തന്നെയായിരുന്നുവെന്നും, കുവൈത്ത് അതിവേഗം ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്നും സെൻട്രൽ ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.