രണ്ട് തവണയും പാളി; ഐപിഒ ശ്രമവുമായി ഓയോ വീണ്ടും സെബിക്ക് മുന്നിൽ

 

ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ ഓയോയുടെ (OYO) മാതൃകമ്പനി ഒറാവൽ സ്റ്റേയ്സ് (പ്രിസം), പ്രഥമ ഓഹരി വിൽപനയ്ക്കായി (IPO) വീണ്ടും അപേക്ഷ സമർപ്പിച്ചു. മൂന്നാം തവണയാണ് കമ്പനി ഐപിഒ ലക്ഷ്യമിടുന്നത്. ഇത്തവണ 'കോൺഫിഡൻഷ്യൽ പ്രീ-ഫയലിംഗ്' റൂട്ടിലൂടെയാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (SEBI) അപേക്ഷ നൽകിയിരിക്കുന്നത്.

ഐപിഒ വഴി ഏകദേശം 6,650 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 72,000 കോടി രൂപ വിപണി മൂല്യമുള്ള ഓയോയ്ക്ക്, ഫണ്ട് സമാഹരണത്തിനായി ഡിസംബറിൽ ഓഹരി ഉടമകളുടെ അനുമതി ലഭിച്ചിരുന്നു. പുതിയ പദ്ധതി പ്രകാരം കമ്പനിയുടെ പ്രമോട്ടർമാരോ ആദ്യകാല നിക്ഷേപകരോ തങ്ങളുടെ കൈവശമുള്ള ഓഹരികൾ വിറ്റഴിക്കുമെന്ന് (OFS) ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നേരത്തെ 2021-ൽ സമർപ്പിച്ച അപേക്ഷ സെബി തിരിച്ചയച്ചിരുന്നു. തുടർന്ന് 2024-ൽ നൽകിയ രണ്ടാമത്തെ അപേക്ഷ വിപണിയിലെ അനിശ്ചിതാവസ്ഥയും സാമ്പത്തിക വെല്ലുവിളികളും കാരണം കമ്പനി തന്നെ പിൻവലിച്ചു. ഇത്തവണ സെപ്റ്റോ, ഫ്ലിപ്കാർട്ട്, ഫോൺപേ തുടങ്ങിയ വമ്പൻ കമ്പനികൾ ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന വേളയിലാണ് ഓയോയുടെ ഈ പുത്തൻ നീക്കം.

ഈ വർഷം ഐപിഒ വിപണിയിൽ വലിയ ഉണർവ് ഉണ്ടാകുമെന്നാണ് സൂചന. എൻഎസ്ഇ, റിലയൻസ് ജിയോ ഇൻഫോകോം ഉൾപ്പെടെയുള്ള 197 കമ്പനികൾക്ക് ഫണ്ട് സമാഹരണത്തിന് സെബി അനുമതി നൽകിയിട്ടുണ്ട്. ഏകദേശം 2.79 ലക്ഷം കോടി രൂപയോളം ഈ വർഷം വിപണിയിൽ നിന്ന് കമ്പനികൾ സമാഹരിക്കുമെന്നാണ് കണക്കാക്കുന്നത്.