2025-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായി മാരുതി ഡിസയർ
ഇന്ത്യൻ വാഹന വിപണിയിൽ മാരുതി സുസുക്കി തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചു. 2025-ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായി മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാനായ ഡിസയർ മാറി. കഴിഞ്ഞ വർഷം ഏകദേശം 2,14,000 യൂണിറ്റുകളാണ് ഈ മോഡൽ വിറ്റഴിച്ചത്. പുതിയ പതിപ്പിന്റെ വരവും ഉപഭോക്താക്കൾക്കിടയിലുള്ള വിശ്വാസവുമാണ് ഡിസയറിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആദ്യ പത്ത് കാറുകളിൽ ഏഴെണ്ണവും മാരുതി സുസുക്കിയുടേതാണെന്നത് ശ്രദ്ധേയമാണ്.
വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുള്ളത് ഹ്യുണ്ടായി ക്രെറ്റയാണ്. ഏകദേശം 2,01,000 യൂണിറ്റുകളാണ് ക്രെറ്റ വിറ്റഴിച്ചത്. തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്ത് ടാറ്റ നെക്‌സോണും ഇടംപിടിച്ചു. നെക്‌സോണിനും ഏകദേശം 2,01,000 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. പട്ടികയിൽ നാലാം സ്ഥാനത്ത് മാരുതി വാഗൺആർ (1,94,000) എത്തിയപ്പോൾ, അഞ്ചാം സ്ഥാനം മാരുതി എർട്ടിഗ (1,92,000) സ്വന്തമാക്കി.
ആറാം സ്ഥാനത്തുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് 1,89,000 പുതിയ ഉപഭോക്താക്കളെയാണ് നേടിയത്. ഏഴാം സ്ഥാനത്ത് മാരുതി ഫ്രോങ്ക്സും (1,80,000), എട്ടാം സ്ഥാനത്ത് മഹീന്ദ്ര സ്കോർപിയോയും (1,77,000) ഇടംപിടിച്ചു. ഒമ്പതാം സ്ഥാനത്ത് മാരുതി ബ്രെസ (1,75,000) എത്തിയപ്പോൾ, പത്താം സ്ഥാനം ടാറ്റ പഞ്ച് (1,73,000) കരസ്ഥമാക്കി. ഇന്ത്യൻ വിപണിയിൽ സെഡാനുകൾക്കും എസ്‌യുവികൾക്കും ഇപ്പോഴും മികച്ച പ്രിയമുണ്ടെന്നാണ് ഈ വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നത്.