ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തൊഴിൽ നഷ്ടം
ആഗോള ഇ-കോമേഴ്‌സ് ഭീമനായ ആമസോണിൽ വീണ്ടും ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ. കമ്പനിയുടെ പ്രധാന ഇ-കോമേഴ്‌സ് വിഭാഗമായ 'സ്റ്റോഴ്‌സ്' ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് യു.എസ്, ഇന്ത്യ, യുകെ എന്നിവിടങ്ങളിലായി ആയിരത്തിൽ താഴെ കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിട്ടു. കസ്റ്റമർ സർവീസ്, മാർക്കറ്റ്‌പ്ലേസ് സപ്പോർട്ട്, എൻജിനീയറിങ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്. ഇന്ത്യയിലെ ജീവനക്കാർക്കും ഇത് സംബന്ധിച്ച അറിയിപ്പുകൾ ലഭിച്ചു തുടങ്ങി.
ചെലവ് ചുരുക്കലിന്റെയും പുനഃസംഘടനയുടെയും ഭാഗമായാണ് ഈ നടപടിയെന്ന് ആമസോൺ വക്താവ് വ്യക്തമാക്കി. അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റ സെന്ററുകൾ, ചിപ്പുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിലേക്ക് 220 ബില്യൺ ഡോളറോളം നിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇതിന്റെ ഭാഗമായി എ.ഐ, എ.ഡബ്ല്യു.എസ് (AWS) മേഖലകളിലേക്ക് മുമ്പ് പിരിച്ചുവിട്ട ചില ജീവനക്കാരെ തിരിച്ചെടുക്കുന്നതിനുള്ള നടപടികളും ആമസോൺ സമാന്തരമായി നടത്തുന്നുണ്ട്.