വ്യക്തിഗത അക്കൗണ്ട് വഴി ബിസിനസ്സ് ഇടപാടുകൾ വേണ്ട; ഒമാൻ ടാക്സ് അതോറിറ്റിയുടെ മുന്നറിയിപ്പ്
ഒമാനിൽ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ ബിസിനസ്സുകാർക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ ടാക്സ് അതോറിറ്റി. വ്യക്തിഗത അക്കൗണ്ടുകൾ വഴി ബിസിനസ്സ് ഇടപാടുകൾ നടത്തിയാലും, അതിലൂടെ ലഭിക്കുന്ന വരുമാനം നികുതി റിട്ടേണുകളിൽ കൃത്യമായി രേഖപ്പെടുത്തണം. അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അതോറിറ്റി വ്യക്തമാക്കി.
വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് വഴി നികുതി ബാധ്യതകളിൽ നിന്നോ വരുമാനം വെളിപ്പെടുത്തുന്നതിൽ നിന്നോ ആർക്കും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. സാമ്പത്തിക സുതാര്യത ഉറപ്പാക്കാനായി വ്യക്തിഗത ആവശ്യങ്ങൾക്കുള്ള തുകയും ബിസിനസ്സ് ഇടപാടുകളും രണ്ട് പ്രത്യേക ബാങ്ക് അക്കൗണ്ടുകളിലായി കൈകാര്യം ചെയ്യണമെന്ന് അതോറിറ്റി നിർദേശിച്ചു. അക്കൗണ്ടുകൾ വേർതിരിക്കാതിരുന്നാൽ യഥാർത്ഥ വരുമാനവും ചെലവും ട്രാക്ക് ചെയ്യാൻ സാധിക്കാതെ വരികയും ഇത് നികുതി സംബന്ധിച്ച പിഴവുകളിലേക്ക് നയിക്കുകയും ചെയ്യും.
നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് അധിക നികുതി ബാധ്യതകളും കനത്ത പിഴകളും നേരിടേണ്ടി വരും. വരുമാനം മറച്ചുവെച്ചതായി കണ്ടെത്തിയാൽ ടാക്സ് അസസ്മെന്റുകൾ വീണ്ടും പരിശോധിച്ച് കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.