യുപിഐ ഇടപാടുകൾക്ക് ഫീസില്ല; ചാർജ് ഈടാക്കില്ലെന്ന് പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ
യുപിഐ (UPI) പേയ്‌മെന്റുകൾ തികച്ചും സൗജന്യമായി തന്നെ തുടരുമെന്നും ഉപഭോക്താക്കളിൽ നിന്ന് യാതൊരുവിധ ചാർജുകളും ഈടാക്കില്ലെന്നും പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (PCI). രാജ്യത്തെ ചെറുകിട കച്ചവടക്കാരിൽ നിന്നും തുക ഈടാക്കില്ലെന്നും, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളെ ജനപ്രിയമായി നിലനിർത്തുകയാണ് ലക്ഷ്യമെന്നും പിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ₹2,000-ന് മുകളിലുള്ള ഇടപാടുകൾക്ക് ചാർജ് വരുന്നുവെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് സംഘടനയുടെ വിശദീകരണം.
2016-ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ഉപഭോക്താക്കൾക്ക് യുപിഐ സൗജന്യമാണ്. സാധാരണക്കാർക്ക് യാതൊരുവിധ അധിക സാമ്പത്തിക ബാധ്യതയുമില്ലാതെ തൽക്ഷണ ഇടപാടുകൾ നടത്താൻ സാധിക്കും വിധമാണ് സംവിധാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. എല്ലാവരെയും ഡിജിറ്റൽ സാമ്പത്തിക മേഖലയുടെ ഭാഗമാക്കുന്നതിന് ചെറുകിട വ്യാപാരികളെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പിസിഐ കൂട്ടിിച്ചേർത്തു.
പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ മാറ്റങ്ങൾ കാരണം ഉപഭോക്താക്കൾക്ക് സർചാർജ് വരുമെന്ന രീതിയിൽ ഉയർന്ന പ്രചാരണങ്ങൾക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും നേരത്തെ വ്യക്തത വരുത്തിയിരുന്നു. എംഡിആർ (MDR) നിരക്കുകൾ ബാധകമായാൽ പോലും അത് വ്യാപാരികളെ മാത്രമാണ് ബാധിക്കുകയെന്നും സാധാരണക്കാരായ ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി ഉറപ്പുനൽകി.