ഒക്ടോബറിൽ സൗദിയിൽ നിന്നുള്ള എണ്ണയിതര കയറ്റുമതിയിൽ 32.3% വർധനവ്
2025 ഒക്ടോബറിൽ സൗദി അറേബ്യയിൽ നിന്നുള്ള എണ്ണയിതര കയറ്റുമതിയിൽ വൻ വർധനവ് രേഖപ്പെടുത്തി. റീ എക്‌സ്‌പോർട്ട് ഉൾപ്പെടെയുള്ള എണ്ണയിതര കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 32.3 ശതമാനം വർധിച്ച് 33.88 ബില്യൺ റിയാലിൽ (9.03 ബില്യൺ ഡോളർ) എത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. റീ എക്‌സ്‌പോർട്ട് ഒഴികെയുള്ള ദേശീയ എണ്ണയിതര കയറ്റുമതിയിൽ 2.4 ശതമാനത്തിന്റെ വളർച്ചയാണ് ഒക്ടോബറിൽ ഉണ്ടായത്.
എണ്ണയിതര കയറ്റുമതിയിൽ ഉണ്ടായ ഈ കുതിച്ചുചാട്ടം രാജ്യത്തിന്റെ കയറ്റുമതി-ഇറക്കുമതി അനുപാതത്തിലും പ്രതിഫലിച്ചു. 2024 ഒക്ടോബറിൽ 33.4 ശതമാനമായിരുന്ന ഈ അനുപാതം 2025 ഒക്ടോബറിൽ 42.3 ശതമാനമായി ഉയർന്നു. ഇറക്കുമതിയിൽ 4.3 ശതമാനം വർധനവ് ഉണ്ടായപ്പോൾ കയറ്റുമതിയിൽ അതിനേക്കാൾ വലിയ വളർച്ച കൈവരിക്കാനായതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. യന്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, അവയുടെ ഭാഗങ്ങൾ എന്നിവയാണ് എണ്ണയിതര വിഭാഗത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ടത്.
സൗദിയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ പ്രധാന വിപണിയായി ചൈന തുടരുകയാണ്. 14.68 ബില്യൺ റിയാലിന്റെ കയറ്റുമതിയാണ് ചൈനയിലേക്ക് നടന്നത്. 11.37 ബില്യൺ റിയാലിന്റെ കയറ്റുമതിയുമായി യുഎഇ രണ്ടാം സ്ഥാനത്തും 10.25 ബില്യൺ റിയാലുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുമുണ്ട്. ജപ്പാൻ (8.37 ബില്യൺ റിയാൽ), ദക്ഷിണ കൊറിയ (7.37 ബില്യൺ റിയാൽ) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന രാജ്യങ്ങൾ.