ഒമാൻ എയർ കാർഗോ പുതിയ സർചാർജുകൾ ഏർപ്പെടുത്തുന്നു; മാർച്ച് 18 മുതൽ പ്രാബല്യത്തിൽ
ആഗോള വിപണിയിലെ ഇന്ധനവില വർധനയും സംഘർഷ ബാധിത മേഖലകളിലെ വിമാന സർവീസുകൾക്കുണ്ടാകുന്ന അധിക ഇൻഷുറൻസ് ചെലവും പരിഗണിച്ച് ഒമാൻ എയർ കാർഗോ പുതിയ സർചാർജുകൾ പ്രഖ്യാപിച്ചു. ‘യുദ്ധകാല സുരക്ഷ സർചാർജ്’ (War Risk Surcharge), ‘ഇന്ധന സർചാർജ്’ (Fuel Surcharge) എന്നിവയാണ് പുതുതായി ഏർപ്പെടുത്തുന്നത്. ഈ മാസം മാർച്ച് 18 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിമാന ഇന്ധന വിപണിയെയും ഇൻഷുറൻസ് നിരക്കുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. സംഘർഷ സാധ്യതയുള്ള മേഖലകളിലൂടെയുള്ള ചരക്കുനീക്കത്തിന് ഇൻഷുറൻസ് പ്രീമിയം വർധിച്ചതാണ് പുതിയ സുരക്ഷാ സർചാർജ് ഏർപ്പെടുത്താൻ പ്രധാന കാരണം. ഒമാൻ എയർ കാർഗോ ശൃംഖലയിലൂടെ അയക്കുന്നതോ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതോ അല്ലെങ്കിൽ ഒമാൻ വഴി കടന്നുപോകുന്നതോ ആയ എല്ലാ ചരക്ക് നീക്കങ്ങൾക്കും ഈ ചാർജുകൾ ബാധകമായിരിക്കും.
വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഓരോ ആഴ്ചയിലും ഈ സർചാർജുകളിൽ പുനഃക്രമീകരണം നടത്തുമെന്ന് ഒമാൻ എയർ കാർഗോ വ്യക്തമാക്കി. പ്രവർത്തനച്ചെലവ് വർധിച്ച സാഹചര്യത്തിൽ സേവന നിലവാരം നിലനിർത്താനാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു. ഇന്ധനവിലയും മറ്റ് സുരക്ഷാ സാഹചര്യങ്ങളും നിരന്തരം വിലയിരുത്തിക്കൊണ്ട് നിരക്കുകളിൽ കൃത്യമായ ഇടവേളകളിൽ മാറ്റം വരുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.