ഇന്ത്യയടക്കമുള്ള റൂട്ടുകളിൽ ബാഗേജ് പരിധി കൂട്ടി ഒമാൻ എയർ

 

ഇന്ത്യയുൾപ്പെടെയുള്ള തെക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പ്രധാന റൂട്ടുകളിൽ യാത്രക്കാർക്കുള്ള ബാഗേജ് ആനുകൂല്യങ്ങൾ വർധിപ്പിച്ച് ഒമാൻ എയർ. യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഇക്കണോമി ക്ലാസിലെ വിവിധ ഫെയർ ബണ്ടിലുകളിൽ മാറ്റം വരുത്തിയത്. പുതിയ പരിഷ്‌കാരം അനുസരിച്ച്, ഏറ്റവും കുറഞ്ഞ നിരക്കായ 'സൂപ്പർ സേവർ' ടിക്കറ്റ് എടുക്കുന്നവർക്കും ഇനി മുതൽ 20 കിലോ ചെക്ക്-ഇൻ ബാഗേജ് സൗകര്യം ലഭിക്കും. നേരത്തെ ഈ വിഭാഗത്തിൽ ക്യാബിൻ ബാഗേജ് മാത്രമായിരുന്നു അനുവദിച്ചിരുന്നത്. സാധാരണക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറമെ കെയ്‌റോ, മനില, ബാഗ്ദാദ് തുടങ്ങിയ റൂട്ടുകളിലും ഈ ആനുകൂല്യം ലഭ്യമാണ്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് ഇക്കണോമി ക്ലാസിലെ മറ്റ് നിരക്കുകളും പുനഃക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 'കംഫർട്ട്' വിഭാഗത്തിൽ 30 കിലോയും, 'ഫ്‌ലെക്‌സ്' വിഭാഗത്തിൽ 40 കിലോയും ബാഗേജ് ഇനി മുതൽ കൊണ്ടുപോകാം. യാത്രക്കാർക്ക് തങ്ങൾക്കിഷ്ടമുള്ള സേവനങ്ങൾ തിരഞ്ഞെടുക്കാനുള്ള കൂടുതൽ അവസരങ്ങളും വിമാനക്കമ്പനി ഇതിലൂടെ ഒരുക്കിയിട്ടുണ്ട്.

യാത്ര ഏത് കാരണവശാലും റദ്ദാക്കേണ്ടി വന്നാൽ തുക തിരികെ ലഭിക്കുന്ന സംവിധാനം (Cancel For Any Reason) സൂപ്പർ സേവർ നിരക്കുകളിലും ഇപ്പോൾ ലഭ്യമാണ്. വിമാനത്തിനുള്ളിലെ വൈഫൈ സൗകര്യം, മെച്ചപ്പെട്ട ലോയൽറ്റി പ്രോഗ്രാമുകൾ, അത്യാധുനിക സീറ്റ് ക്രമീകരണങ്ങൾ എന്നിവ വരും മാസങ്ങളിൽ യാത്രക്കാർക്കായി സജ്ജമാക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. എയർപോർട്ടിലെ ഫാസ്റ്റ് ട്രാക്ക്, മുൻഗണനാ ബോർഡിങ് തുടങ്ങിയ പത്തിലധികം പുതിയ സൗകര്യങ്ങളും ഒമാൻ എയർ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്. വരും മാസങ്ങളിൽ കൂടുതൽ വിമാനങ്ങളിലേക്കും പുതിയ റൂട്ടുകളിലേക്കും ഈ സേവനങ്ങൾ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.