ചരക്കുനീക്കം സുഗമമാക്കാൻ ഒമാന്റെ സംയുക്ത നീക്കം; നടപടികൾ വേഗത്തിലാക്കാൻ പുതിയ കർമ്മപദ്ധതി

 

ഗൾഫ് തുറമുഖങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള ചരക്ക് നീക്കം വേഗത്തിലാക്കാനും തടസ്സങ്ങൾ പരിഹരിക്കാനുമായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. കസ്റ്റംസ് പരിശോധനകൾ ലളിതമാക്കുന്നതിനും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കുന്നതിനുമായി വിവിധ പ്രാദേശിക പങ്കാളികളുമായി സഹകരിച്ചാണ് മന്ത്രാലയം പ്രവർത്തിക്കുന്നത്. ചരക്കുകൾ എത്തിക്കുന്നതിൽ പ്രയാസങ്ങൾ നേരിടുന്ന സ്ഥാപനങ്ങൾക്കായി പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനങ്ങളും ഇമെയിൽ വിലാസങ്ങളും അധികൃതർ പുറത്തുവിട്ടു.

കസ്റ്റംസ് നടപടികളുമായി ബന്ധപ്പെട്ട തടസ്സങ്ങൾക്ക് സ്ഥാപനങ്ങൾക്ക് ദുബായ് കസ്റ്റംസുമായി 8001886@dubaicustoms.ae എന്ന ഇമെയിൽ വഴിയോ, +971 8001886 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ ബന്ധപ്പെടാം. ജബൽ അലി തുറമുഖം ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി customerservice@dpworld.com എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. ഒമാൻ വാണിജ്യ മന്ത്രാലയത്തിന്റെ സഹായം ആവശ്യമുള്ളവർ c.office@tejarah.gov.om എന്ന ഇമെയിലിലേക്ക് ചരക്കുകളുടെയും ഷിപ്പിംഗ് കമ്പനിയുടെയും പൂർണ്ണ വിവരങ്ങൾ സഹിതം അപേക്ഷിക്കണം. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് നൽകിയിട്ടുള്ള ഫോം പൂരിപ്പിക്കുന്നതിലൂടെ പരാതികൾ വേഗത്തിൽ ബന്ധപ്പെട്ട വകുപ്പുകളിൽ എത്തും.

റോയൽ ഒമാൻ പോലീസ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ്), പൊതു സാമ്പത്തിക-സ്വതന്ത്ര മേഖല അതോറിറ്റി എന്നിവയുമായി സഹകരിച്ച് ട്രക്കുകളുടെ വരവും പോക്കും സുഗമമാക്കാൻ ഗതാഗത മന്ത്രാലയവും രംഗത്തുണ്ട്. തുറമുഖങ്ങൾ വഴിയുള്ള ട്രക്കുകളുടെ പ്രവേശനം വ്യവസ്ഥാപിതമാക്കുന്നതിനായി ‘വൺ ഡബ്ലിയുബി’ (One WB) പ്ലാറ്റ്‌ഫോം വഴിയുള്ള നിരീക്ഷണം ശക്തമാക്കി. നിയമങ്ങൾ പാലിക്കുന്ന ട്രക്കുകൾക്കായി അതിർത്തികളിൽ ‘ഫാസ്റ്റ് ട്രാക്ക്’ ലെയിനുകൾ അനുവദിക്കുകയും വലിയ ഭാരമുള്ള വാഹനങ്ങൾക്ക് പെർമിറ്റുകൾ നൽകുന്ന നടപടികൾ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും തടസ്സങ്ങളില്ലാതെ ചരക്ക് വിനിമയം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.