ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്ന്; ‘എം.എസ്.സി മാരിയല്ല’ ഖോർഫക്കാൻ തുറമുഖത്ത് നങ്കൂരമിട്ടു
ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ ‘എം.എസ്.സി മാരിയല്ല’ (MSC Mariella) ഷാർജയിലെ ഖോർഫക്കാൻ തുറമുഖത്ത് നങ്കൂരമിട്ടു. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (MSC) പ്രവർത്തിപ്പിക്കുന്ന ഈ ഭീമൻ കപ്പലിന് 24,346 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുണ്ട്. 400 മീറ്റർ നീളവും 61 മീറ്ററിലധികം വീതിയുമുള്ള അൾട്രാ ലാർജ് കണ്ടെയ്നർ വെസൽ വിജയകരമായി അടുപ്പിച്ചതോടെ ആഗോള സമുദ്രപാതയിൽ ഖോർഫക്കാൻ തുറമുഖം തങ്ങളുടെ കരുത്ത് തെളിയിച്ചു.
ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഖോർഫക്കൻ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നത്. യു.എ.ഇയുടെ കിഴക്കൻ തീരത്തെ തന്ത്രപ്രധാന സ്ഥാനവും, 16 മീറ്റർ ആഴമുള്ള 6 ബർത്തുകളും 18 ആധുനിക ക്രെയിനുകളുമുള്ള സജ്ജീകരണങ്ങളുമാണ് ഗൾഫ്ടെയ്നർ നിയന്ത്രിക്കുന്ന ഈ ടെർമിനലിന്റെ പ്രധാന സവിശേഷത.
നിലവിൽ 35 ലക്ഷം കണ്ടെയ്നർ ശേഷിയുള്ള തുറമുഖത്തിന്റെ ശേഷി ഭാവിയിൽ 50 ലക്ഷം മുതൽ ഒരുകോടി വരെയായി ഉയർത്താനുള്ള വികസന പദ്ധതികൾ ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റി നടപ്പാക്കുന്നുണ്ട്. അൽ സജ, അൽ ദൈദ് തുടങ്ങിയ ലോജിസ്റ്റിക്സ് കോംപ്ലക്സുകളുമായി ബന്ധിപ്പിച്ച് കുറഞ്ഞ സമയത്തിൽ വേഗത്തിലുള്ള ചരക്കുനീക്കം സാധ്യമാക്കാൻ ഈ തുറമുഖത്തിലൂടെ സാധിക്കുന്നുണ്ട്.