21,000 പേരെ ഒഴിവാക്കിയതിന് പിന്നാലെ വീണ്ടും പിരിച്ചുവിടലിനൊരുങ്ങി ഓറക്കിൾ

 

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രമുഖ ഐ.ടി കമ്പനിയായ ഓറക്കിൾ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷത്തിന്റെ തുടക്കത്തിൽ 21,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. സെപ്റ്റംബർ ഒന്നിന് കമ്പനിയുടെ പുതിയ സാമ്പത്തിക പാദം ആരംഭിക്കുന്നതിന് മുമ്പ് വെട്ടിച്ചുരുക്കൽ പൂർത്തിയാക്കാനാണ് പദ്ധതി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇൻഫ്രാസ്ട്രക്ചറിലേക്ക് വൻതോതിൽ നിക്ഷേപം നടത്തുന്നതിനാണ് കമ്പനി ചെലവ് ചുരുക്കുന്നത്. ഇതിന്റെ ഭാഗമായി ഒഴിവാക്കേണ്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 1,41,000 ജീവനക്കാരാണ് കമ്പനിയിലുള്ളത്. പുതിയ പിരിച്ചുവിടൽ ചില ഡിപ്പാർട്ട്മെന്റുകളെ കാര്യമായി ബാധിച്ചേക്കും.

എ.ഐ വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ വലിയ തുകയാണ് ഓറക്കിൾ മാറ്റിവെക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ എ.ഐ ഇൻഫ്രാസ്ട്രക്ചറിനായി ഏകദേശം 5,570 കോടി ഡോളർ കമ്പനി ചെലവഴിച്ചിട്ടുണ്ട്.