ഇന്ത്യൻ വിപണിയിൽ ഒമാനി ഉൽപന്നങ്ങൾക്ക് മുൻഗണന; 'സെപ' കരാറിന്റെ നേട്ടങ്ങൾ വിശദീകരിച്ച് ഒമാൻ കസ്റ്റംസ്
ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) വഴി ഇന്ത്യൻ വിപണിയിൽ ഒമാനി ഉൽപന്നങ്ങൾക്ക് പ്രത്യേക മുൻഗണനയും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. കരാറിലെ കസ്റ്റംസ്, വ്യാപാര വ്യവസ്ഥകളെക്കുറിച്ച് വിശദീകരിക്കവേയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. കരാർ പ്രകാരം യോഗ്യതയുള്ള ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും.
ഇത് ഇരുരാജ്യങ്ങൾക്കുമിടയിലെ ചരക്കുനീക്കം സുഗമമാക്കുന്നതിനൊപ്പം വ്യാപാര ചെലവുകൾ കുറയ്ക്കാൻ സഹായിക്കും. കസ്റ്റംസ് നടപടികൾ ലളിതമാക്കുന്നതിലൂടെയും ചുവപ്പുനാടകൾ ഒഴിവാക്കുന്നതിലൂടെയും സുതാര്യത ഉറപ്പാക്കാൻ കരാർ ലക്ഷ്യമിടുന്നു. ഗൾഫ്, ആഫ്രിക്ക, മധ്യേഷ്യൻ വിപണികളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ വ്യാപാര കേന്ദ്രമായി മാറാൻ ഒമാന് ഈ കരാർ സഹായകരമാകും.
2026 ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ കരാർ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി, സേവന മേഖലകളിലെ വ്യാപാരം വിപുലമാകും. കൂടാതെ ഒമാനിൽ നിക്ഷേപങ്ങൾ ആകർഷിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും. ഇത് ഒമാൻ വിഷൻ 2040-ന്റെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് കരുത്തേകുമെന്നും വിലയിരുത്തപ്പെടുന്നു.