ഇന്ത്യയിൽ വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ വൻ വർധന; 993 രൂപ കൂടി
രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കേന്ദ്രസർക്കാർ ഗണ്യമായി വർധിപ്പിച്ചു. 19 കിലോ ഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയർന്നു. മുംബൈയിൽ വില 2,031 രൂപയിൽ നിന്ന് 3,024 രൂപയായും വർധിച്ചിട്ടുണ്ട്.
ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല. ഫെബ്രുവരിക്ക് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില ഉയർത്തുന്നത്. മാർച്ചിൽ 144 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും വർധിപ്പിച്ചിരുന്നു. പുതിയ വില വർധനവ് റസ്റ്ററന്റുകൾ ഉൾപ്പെടെയുള്ള വാണിജ്യ മേഖലകളിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ കാരണമായേക്കും.
അതേസമയം, പെട്രോൾ, ഡീസൽ എന്നിവയുടെ റീട്ടെയിൽ വിലയിലും വിമാന ഇന്ധനത്തിന്റെ വിലയിലും കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. രാജ്യാന്തര വിപണിയിൽ എണ്ണവില 120 ഡോളറിലേക്ക് ഉയർന്നതോടെ എണ്ണക്കമ്പനികൾ പ്രതിദിനം 16,000 കോടി രൂപയുടെ നഷ്ടം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ന് ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്; 114 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.