അമേരിക്കയിൽ ചരിത്രനേട്ടം കുറിച്ച് ഖത്തർ എനർജി; ഗോൾഡൻ പാസ് പ്ലാന്റിൽ എൽഎൻജി ഉൽപാദനം ആരംഭിച്ചു
അമേരിക്കൻ മണ്ണിൽ നിർണ്ണായക ചുവടുവെപ്പുമായി ഖത്തർ എനർജി. ടെക്സാസിലെ സബൈൻ പാസിലുള്ള ഗോൾഡൻ പാസ് എൽഎൻജി (LNG) കയറ്റുമതി പ്ലാന്റിൽ നിന്നുള്ള ആദ്യഘട്ട ഉൽപാദനം വിജയകരമായി ആരംഭിച്ചു. ഖത്തർ എനർജിയും അമേരിക്കൻ ഊർജ്ജ ഭീമനായ എക്സോൺ മൊബീലും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതി അമേരിക്കയിലെ ഖത്തറിന്റെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്.
2018-ൽ നിർമ്മാണം ആരംഭിച്ച ഈ വമ്പൻ പദ്ധതിയുടെ മൂന്ന് ഉൽപാദന യൂണിറ്റുകളിൽ ആദ്യത്തേതിൽ നിന്നാണ് ഇപ്പോൾ പ്രകൃതിവാതക ഉൽപാദനം തുടങ്ങിയിരിക്കുന്നത്. പ്ലാന്റിൽ നിന്നുള്ള ആദ്യ എൽഎൻജി കയറ്റുമതി 2026-ന്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ രണ്ടാമത്തെ യൂണിറ്റ് 2026 സെപ്റ്റംബറിലും മൂന്നാമത്തെ യൂണിറ്റ് 2026 അവസാനത്തോടെയോ 2027 ആദ്യമോ പ്രവർത്തനസജ്ജമാകും. മൂന്ന് യൂണിറ്റുകളും പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രതിവർഷം 18 ദശലക്ഷം ടൺ എൽഎൻജി ഉൽപാദിപ്പിക്കാൻ ഈ പ്ലാന്റിന് ശേഷിയുണ്ടാകും.
ഈ നേട്ടം കൈവരിക്കാൻ സഹായിച്ച അമേരിക്കൻ റെഗുലേറ്ററി ബോഡികൾക്കും പങ്കാളിയായ എക്സോൺ മൊബീലിനും ഖത്തർ ഊർജ്ജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സഅദ് ബിൻ ഷെരീദ അൽ കഅബി നന്ദി രേഖപ്പെടുത്തി. ഏകദേശം 20 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയാണിത്. ലോകത്തെ പ്രമുഖ എൽഎൻജി ഉൽപാദകരായ ഖത്തർ, അമേരിക്കൻ വിപണിയിൽ നടത്തുന്ന ഈ വിപുലീകരണം ആഗോള ഊർജ്ജ ഭൂപടത്തിൽ ഖത്തറിന്റെ സ്വാധീനം കൂടുതൽ ശക്തമാക്കും.