ബ്രസീലിൽ ഏഴ് എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങളുടെ ലൈസൻസ് നേടി ഖത്തർ എനർജി
ബ്രസീൽ തീരത്തെ ഏഴ് ഓഫ്‌ഷോർ എണ്ണ പര്യവേക്ഷണ ബ്ലോക്കുകളിൽ ഖത്തർ എനർജി പങ്കാളിത്തം നേടി. ബ്രസീലിയൻ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബ്രാസുമായി (Petrobras) സഹകരിച്ചാണ് ഖത്തർ എനർജി മേഖലയിൽ പ്രവർത്തനം ആരംഭിക്കുന്നത്. അന്താരാഷ്ട്ര ഊർജ്ജ മേഖലയിൽ ഖത്തറിന്റെ സാന്നിധ്യവും നിക്ഷേപവും കൂടുതൽ വിപുലീകരിക്കുന്നതാണ് ഈ പുതിയ നീക്കം.
വടക്കുകിഴക്കൻ ബ്രസീലിലെ സിയാറ ബേസിനിൽ (Ceará Basin) സ്ഥിതി ചെയ്യുന്ന ഏഴ് ബ്ലോക്കുകളിലാണ് പര്യവേക്ഷണം നടത്തുക. ബ്രസീലിന്റെ നാഷണൽ പെട്രോളിയം ഏജൻസി (ANP) സംഘടിപ്പിച്ച ആറാമത് ഓപ്പൺ ലേലത്തിലാണ് ഇരു കമ്പനികളും ലൈസൻസ് സ്വന്തമാക്കിയത്.
കരാർ പ്രകാരം ഖത്തർ എനർജിക്ക് 30 ശതമാനവും പ്രവർത്തന ചുമതലയുള്ള പെട്രോബ്രാസിന് 70 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. 4,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ മേഖലയിൽ തുടർന്നുള്ള സാങ്കേതിക പഠനങ്ങൾക്കും പര്യവേക്ഷണങ്ങൾക്കും ശേഷമായിരിക്കും അന്തിമ ഉൽപ്പാദന സാധ്യതകൾ വിലയിരുത്തുക.