യുഎസ് കേന്ദ്രബാങ്കിന്റെ നിർണായക ചുമതലയിലേക്ക് രഘുറാം രാജൻ
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നയരൂപീകരണത്തിൽ നിർണായക പങ്കുവഹിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മുൻ ഗവർണർ രഘുറാം രാജൻ. ഫെഡറൽ റിസർവിന്റെ മോണിറ്ററി പോളിസി അവലോകനം ചെയ്യുന്നതിനായി പുതിയ ഫെഡ് ചെയർമാൻ കെവിൻ വാർഷ് പ്രഖ്യാപിച്ച അഞ്ച് പ്രത്യേക ടാസ്‌ക് ഫോഴ്‌സുകളിൽ ഒന്നിലാണ് രഘുറാം രാജനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വംശജരായ പ്രമുഖ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ രാജ് ഷെട്ടിയും (Raj Chetty) മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് ആഷാ ശർമ്മയും ഫെഡറൽ റിസർവിന്റെ മറ്റ് പ്രധാന ടാസ്‌ക് ഫോഴ്‌സുകളിൽ നിയമിക്കപ്പെട്ടിട്ടുണ്ട്.
കേന്ദ്രബാങ്കിന്റെ ഏകദേശം 6.7 ട്രില്യൺ ഡോളർ വരുന്ന ബാലൻസ് ഷീറ്റിനെക്കുറിച്ചുള്ള നയങ്ങൾ വിലയിരുത്തുന്ന 'ബാലൻസ് ഷീറ്റ് പോളിസി' (Balance Sheet Policy) ടാസ്‌ക് ഫോഴ്‌സിലാണ് രഘുറാം രാജൻ പ്രവർത്തിക്കുക. ഹാർവാർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞയായ കാരെൻ ഡൈനൻ, മുൻ ഫെഡറൽ റിസർവ് ഗവർണർ ജെറമി സ്റ്റീൻ എന്നിവരും ഈ പാനലിൽ ഒപ്പമുണ്ടാകും. ഫെഡറൽ റിസർവിന്റെ നിലവിലെ ബാലൻസ് ഷീറ്റ് ഘടനയുടെ നേട്ടങ്ങളും കോട്ടകളും സ്ഥാപനപരമായ പ്രത്യാഘാതങ്ങളും അവലോകനം ചെയ്യുകയാണ് ഈ കമ്മിറ്റിയുടെ പ്രധാന ചുമതല.
കൂടാതെ, ഡാറ്റയുമായി ബന്ധപ്പെട്ട ടാസ്ക് ഫോഴ്സിന് രാജ് ഷെട്ടിയും, സാങ്കേതികവിദ്യയും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പാനലിന് ആഷാ ശർമ്മയും നേതൃത്വം നൽകും. മുൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മെർവിൻ കിങ്, വാൾമാർട്ട് മുൻ സിഇഒ ഡൗ മക്മില്ലൺ, നൊബേൽ ജേതാവ് തോമസ് സാർജന്റ്, പ്രമുഖ സിലിക്കൺവാലി നിക്ഷേപകൻ മാർക് ആൻഡേഴ്സൺ തുടങ്ങിയ അന്താരാഷ്ട്ര തലത്തിലെ മികച്ച പ്രതിഭകളാണ് മറ്റ് ടാസ്ക് ഫോഴ്സുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. യുഎസ് സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് അനുസൃതമായി കേന്ദ്രബാങ്കിന്റെ നയങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ഈ സ്വതന്ത്ര സമിതികളുടെ ലക്ഷ്യം.