യുപിഐ ഇടപാടുകളിൽ നിയന്ത്രണം വരുന്നു; 10,000 രൂപയ്ക്ക് മുകളിലുള്ള കൈമാറ്റങ്ങൾക്ക് ഒരു മണിക്കൂർ 'കൂളിങ് ഓഫ്'
ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകൾക്ക് തടയിടാൻ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 10,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ (UPI), ഐഎംപിഎസ് (IMPS) ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം അഥവാ 'കൂളിങ് ഓഫ് പിരീഡ്' ഏർപ്പെടുത്താനാണ് ആർബിഐ നീക്കം. മെയ് 8 വരെ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയ ശേഷം മാത്രമേ ഇതുസംബന്ധിച്ച ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയുള്ളൂ.
രാജ്യത്ത് ഡിജിറ്റൽ തട്ടിപ്പുകൾ വഴി ഇതിനോടകം 22,000 കോടി രൂപ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ആർബിഐയുടെ ഈ സുപ്രധാന ഇടപെടൽ. പണം അയച്ചുകഴിഞ്ഞാലും ഒരു മണിക്കൂർ കഴിഞ്ഞ് മാത്രം സ്വീകർത്താവിലേക്ക് എത്തുന്ന രീതിയാണിത്. ഈ സമയത്തിനുള്ളിൽ തുക ലഭിക്കേണ്ടത് ശരിയായ ആൾക്ക് തന്നെയാണോ എന്ന് ഉറപ്പാക്കാനും, തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടാൽ ഇടപാട് റദ്ദാക്കാനും ഉപയോക്താവിന് സാധിക്കും. ഉപയോക്താക്കളെ സമ്മർദ്ദത്തിലാക്കി പണം തട്ടിയെടുക്കുന്ന രീതിക്ക് ഇതോടെ വലിയ തടസ്സമുണ്ടാകും.
പ്രധാന നിർദ്ദേശങ്ങൾ
- 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഒരു മണിക്കൂർ കൂളിങ് ഓഫ് പിരീഡ്. ഈ സമയത്തിനുള്ളിൽ ട്രാൻസാക്ഷൻ റദ്ദാക്കാൻ അവസരമുണ്ടാകും.
- 70 വയസ്സിന് മുകളിൽ പ്രായമുള്ളവർ 50,000 രൂപയ്ക്ക് മുകളിൽ ഇടപാട് നടത്തുമ്പോൾ വിശ്വസ്തനായ ഒരു ഇടനിലക്കാരന്റെ അനുവാദം നിർബന്ധമാക്കും.
- ബിസിനസ് അല്ലെങ്കിൽ വ്യക്തിഗത ആവശ്യങ്ങൾക്കായുള്ള വലിയ തുകകൾ ബാങ്കുകൾ കൃത്യമായ സ്ഥിരീകരണത്തിന് ശേഷം മാത്രമേ ക്രെഡിറ്റ് ചെയ്യുകയുള്ളൂ.