റിസര്വ് ബാങ്ക് ഇടപെടലിനെത്തുടര്ന്ന് രൂപയുടെ മൂല്യത്തിൽ വൻ കുതിപ്പ്; ഒരു മാസത്തെ ഉയർന്ന നിരക്കിൽ
ആർബിഐയുടെ ശക്തമായ ഇടപെടലുകളെ തുടർന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. വിപണിയിലെ ഊഹക്കച്ചവടങ്ങൾ തടയാൻ പ്രത്യേക ഡോളർ വിൻഡോ ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്രബാങ്ക് സ്വീകരിച്ചിട്ടുണ്ട്.
ബുധനാഴ്ച വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപ 94.9125 നിലവാരത്തിലെത്തി (0.4% നേട്ടം). ഈ ആഴ്ച മാത്രം രൂപയുടെ മൂല്യം ഏകദേശം രണ്ട് ശതമാനം ഉയർന്നു. ഏഷ്യൻ കറൻസികളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതും രൂപയാണ്.
വിപണിയിലെ അമിത ഊഹക്കച്ചവടം നിയന്ത്രിക്കാനാണ് ഈ നടപടികളെന്നും, ആവശ്യമെങ്കിൽ കൂടുതൽ ഇടപെടലുകൾ നടത്തുമെന്നും ആർബിഐ ഗവർണർ സഞ്ജയ് മലോത്ര വ്യക്തമാക്കി. എന്നാൽ ഉയർന്ന ക്രൂഡ് ഓയിൽ വിലയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയ്ക്ക് ഇനിയും വെല്ലുവിളിയായേക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇതിനിടയിൽ, ബോണ്ട് വിപണിയിൽ സമ്മർദം തുടരുകയും 10 വർഷത്തെ സർക്കാർ ബോണ്ട് യീൽഡ് 7.40 ശതമാനമായി ഉയരുകയും ചെയ്തു.