'സലാല പോർട്ട് സർവീസസ് 2028 നവംബർ വരെ പ്രവർത്തനം തുടരും': ഒമാൻ ഗതാഗത, വാർത്താവിനിമയ മന്ത്രാലയം

 

സലാല പോർട്ട് സർവീസസ് കമ്പനി 2028 നവംബർ 1 വരെ സലാല തുറമുഖത്തിന്റെ പ്രവർത്തനം തുടരുമെന്ന് ഒമാൻ ഗതാഗത, വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള കരാർ കാലാവധി അവസാനിച്ച ശേഷം പുതിയ ഓപ്പറേറ്ററെ പ്രഖ്യാപിക്കുമെന്നും തുറമുഖ വികസനവും പ്രവർത്തനങ്ങളും തടസ്സമില്ലാതെ തുടർന്നുപോകുമെന്നും മന്ത്രാലയം ഉറപ്പുനൽകി.

കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്. ശേഷിക്കുന്ന കരാർ കാലയളവിലുടനീളം തുറമുഖ പ്രവർത്തനങ്ങൾ സുഗമമായി നടക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിലെ കരാർ പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ ഓപ്പറേറ്റർ ചുമതലയേൽക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം യഥാസമയം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പുതിയ ഓപ്പറേറ്റർ ആരാണെന്നോ പ്രഖ്യാപനത്തിനുള്ള സമയക്രമമോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.