ഏഷ്യൻ രാജ്യങ്ങൾക്കുള്ള പ്രീമിയം ക്രൂഡോയിൽ വില കുത്തനെ കുറയ്ക്കാൻ സൗദി
ഏഷ്യൻ രാജ്യങ്ങൾക്കുള്ള പ്രീമിയം ക്രൂഡ് ഓയിൽ വില ജൂൺ മാസത്തിൽ സൗദി അറേബ്യ കുത്തനെ കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് റെക്കോർഡ് നിലയിലെത്തിയ എണ്ണവിലയിൽ ബാരലിന് 5 മുതൽ 12 ഡോളർ വരെ കുറവുണ്ടാകുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയിലെ പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് വിപണിയിലെ മേധാവിത്വം നിലനിർത്താനാണ് സൗദി അരാംകോയുടെ ഈ നീക്കം.
ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന 'സ്വീറ്റ് ക്രൂഡ്' അഥവാ പ്രീമിയം ക്രൂഡിന്റെ വിലയിലാണ് കുറവുണ്ടാകുന്നത്. പെട്രോളും ഡീസലും വേഗത്തിൽ വേർതിരിച്ചെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ ബാരലിന് 120 ഡോളറോളമാണ് സൗദി നിശ്ചയിച്ചിട്ടുള്ള വില. ഇന്ത്യയെപ്പോലെയുള്ള വലിയ ഇറക്കുമതി രാജ്യങ്ങൾക്ക് ഈ വിലക്കുറവ് വ്യാപാരക്കമ്മി കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും വലിയ തോതിൽ ഗുണം ചെയ്യും.
റഷ്യയിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള എണ്ണയുടെ ലഭ്യതയും, വിപണിയിലെ ഡിമാൻഡിൽ വന്ന കുറവുമാണ് സൗദിയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. കൂടാതെ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ മറികടക്കാൻ ചെങ്കടൽ തീരത്തെ യാമ്പു തുറമുഖം വഴി എണ്ണ കയറ്റുമതി ചെയ്യാനുള്ള സൗകര്യവും സൗദി പ്രയോജനപ്പെടുത്തുന്നുണ്ട്. അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ എണ്ണ ശേഖരം വിപണിയിലെത്തിയതും വില കുറയാൻ കാരണമായി. ജൂൺ മാസത്തെ ഔദ്യോഗിക വിലവിവരങ്ങൾ അടുത്ത മാസം ആദ്യവാരത്തോടെ പുറത്തുവിടും.