വിദേശ കമ്പനികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം: കർശന മാനദണ്ഡങ്ങൾ പുറത്തിറക്കി സൗദി നിക്ഷേപ മന്ത്രാലയം
സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം (Property Ownership) സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദേശ കമ്പനികൾക്കായി പുതിയ നിബന്ധനകളും മാനദണ്ഡങ്ങളും പുറത്തിറക്കി സൗദി നിക്ഷേപ മന്ത്രാലയം (MISA). രാജ്യത്ത് മറ്റ് വാണിജ്യ-സാമ്പത്തിക പ്രവർത്തനങ്ങൾ ഒന്നും നടത്താതെ, കേവലം സ്വത്ത് വകകൾ മാത്രം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദേശ കമ്പനികളെ നിയന്ത്രിക്കുന്നതിനാണ് ഈ മാനദണ്ഡങ്ങൾ. മന്ത്രാലയം പുതുതായി പരിഷ്കരിച്ച 'ഇൻവെസ്റ്റർ ഗൈഡ് 2026' (Investor Guide 2026)-ലാണ് ഇത് സംബന്ധിച്ച ഉത്തരവുകളുള്ളത്.
'സ്വത്ത് ഉടമസ്ഥാവകാശ ആവശ്യങ്ങൾക്കായി സൗദി ഇതര കമ്പനികളുടെ രജിസ്‌ട്രേഷൻ' എന്ന പ്രത്യേക അധ്യായത്തിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ കൂടുതൽ സുതാര്യമാക്കാനും രാജ്യത്തെ പുതിയ നിക്ഷേപ നിയമങ്ങളുമായി ഇവയെ ഏകോപിപ്പിക്കാനുമാണ് ഈ പരിഷ്കരണം.
പ്രധാന മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:
- കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്: വിദേശ കമ്പനികൾ തങ്ങളുടെ മാതൃരാജ്യത്ത് നിന്നുള്ള ഔദ്യോഗിക വാണിജ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
- ആർട്ടിക്കിൾസ് ഓഫ് ഇൻകോർപ്പറേഷൻ: കമ്പനിയുടെ നിയമപരമായ ഘടന വ്യക്തമാക്കുന്ന 'ആർട്ടിക്കിൾസ് ഓഫ് ഇൻകോർപ്പറേഷൻ' രേഖകളും നൽകേണ്ടതുണ്ട്.
- അംഗീകൃത വിവർത്തനവും സാക്ഷ്യപ്പെടുത്തലും: സമർപ്പിക്കുന്ന രേഖകളെല്ലാം അംഗീകൃത ട്രാൻസ്‌ലേഷൻ ഓഫീസ് വഴി വിവർത്തനം ചെയ്തതായിരിക്കണം. കൂടാതെ, മാതൃരാജ്യത്തെ സൗദി എംബസി അല്ലെങ്കിൽ ഡിപ്ലോമാറ്റിക് മിഷൻ ഇത് സാക്ഷ്യപ്പെടുത്തിയിരിക്കുകയും വേണം.
- പ്രതിനിധിയുടെ നിയമനം: രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കമ്പനികൾ സർട്ടിഫൈഡ് 'പവർ ഓഫ് അറ്റോർണി' വഴി ഒരു വ്യക്തിയെ ഔദ്യോഗിക പ്രതിനിധിയായി നിയമിക്കണം. ഈ നിയമന രേഖയും സൗദി എംബസി അംഗീകരിച്ചതായിരിക്കണം.
- ഡിജിറ്റൽ ഐഡന്റിറ്റി: പ്രതിനിധിക്ക് സൗദി ചട്ടങ്ങൾ പ്രകാരമുള്ള തിരിച്ചറിയൽ രേഖ (ഇഖാമ/ഐഡി) ഇല്ലെങ്കിൽ, വിദേശത്തുള്ള സൗദി ഡിപ്ലോമാറ്റിക് മിഷൻ വഴി പ്രത്യേക ഡിജിറ്റൽ ഐഡന്റിറ്റി സ്വന്തമാക്കണം.
- മാറ്റങ്ങൾ പാടില്ല: നിക്ഷേപ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തതിനുശേഷം കമ്പനിയുടെ ഉടമസ്ഥാവകാശ ഘടനയിലോ (Ownership Structure) മാനേജ്മെന്റിലോ യാതൊരുവിധ മാറ്റങ്ങളും വരുത്താൻ പാടുള്ളതല്ല.