സൗദിയുടെ എണ്ണയിതര കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം; വളർച്ച 18.6 ശതമാനം
സൗദി അറേബ്യയുടെ എണ്ണയിതര വരുമാനത്തിൽ കഴിഞ്ഞ വർഷം വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. 2025-ന്റെ നാലാം പാദത്തിൽ എണ്ണയിതര കയറ്റുമതിയിൽ 18.6 ശതമാനത്തിന്റെ വളർച്ചയുണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തിന്റെ മൊത്തം വ്യാപാര മിച്ചത്തിൽ 26.3 ശതമാനത്തിന്റെ വർധനവുണ്ടായി. എണ്ണയെ മാത്രം ആശ്രയിക്കാത്ത സുസ്ഥിരമായ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് പുതിയ കണക്കുകൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
കയറ്റുമതി വിപണിയിൽ ചൈനയും ജപ്പാനുമാണ് സൗദിയുടെ പ്രധാന പങ്കാളികളായി തുടരുന്നത്. ഡിസംബർ മാസത്തെ കണക്കുകൾ പ്രകാരം ആകെ കയറ്റുമതിയുടെ 11.7 ശതമാനം നേടി ജപ്പാൻ ഒന്നാമതെത്തിയപ്പോൾ, ഇറക്കുമതിയിൽ 28.7 ശതമാനവുമായി ചൈനയാണ് മുന്നിൽ. നാലാം പാദത്തിലെ മൊത്തം കണക്കെടുക്കുമ്പോഴും ചൈന തന്നെയാണ് സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. എണ്ണ കയറ്റുമതിയിൽ 3.5 ശതമാനം വർധനവുണ്ടായിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ ആകെ വരുമാനത്തിൽ എണ്ണയുടെ പങ്ക് മുൻ വർഷത്തെ 70.4 ശതമാനത്തിൽ നിന്നും 67.5 ശതമാനമായി കുറഞ്ഞു എന്നത് സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
ഡിസംബർ മാസത്തിൽ മൊത്തം ചരക്ക് കയറ്റുമതിയിൽ 3 ശതമാനം വളർച്ച രാജ്യം കൈവരിച്ചു. പുനർ കയറ്റുമതി മേഖലയിലുണ്ടായ 43.1 ശതമാനം വർധനവ് ഈ മുന്നേറ്റത്തിൽ നിർണായകമായി. ഊർജ മന്ത്രാലയത്തിൽ നിന്നും സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയിൽ നിന്നുമുള്ള കൃത്യമായ രേഖകൾ പരിശോധിച്ചാണ് അതോറിറ്റി ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.