സൗദിയുടെ എണ്ണ കയറ്റുമതി സാധാരണ നിലയിലേക്ക്; പ്രതിദിന കയറ്റുമതി 63 ലക്ഷം ബാരലിലെത്തി

 

യു.എസും ഇറാനും തമ്മിലുള്ള താല്കാലിക സമാധാന കരാറിന് പിന്നാലെ സൗദി അറേബ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതി സാധാരണ നിലയിലേക്ക് ഉയരുന്നു. പേർഷ്യൻ ഗൾഫ് വഴിയുള്ള എണ്ണ കയറ്റുമതി സൗദി പുനരാരംഭിച്ചതാണ് വിപണിക്ക് ഉണർവേകിയതെന്ന് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ബുധനാഴ്ച വരെയുള്ള കഴിഞ്ഞ ആറ് ദിവസങ്ങളിലായി പ്രതിദിനം ശരാശരി 63 ലക്ഷം ബാരൽ എണ്ണയാണ് കയറ്റി അയച്ചത്. ഈ കണക്കുകൾ 2025-ലെ ശരാശരി നിരക്കിന് തൊട്ടടുത്തെത്തിയിട്ടുണ്ട്. ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് (ഫെബ്രുവരിയിൽ) ഉണ്ടായിരുന്ന കയറ്റുമതി നിരക്കിന്റെ 90 ശതമാനത്തോളം കൈവരിക്കാൻ നിലവിൽ സൗദിക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിൽ പ്രധാന എണ്ണ terminal ആയ റാസ് തനൂറയിൽ നിന്നുള്ള വിതരണം സൗദി ഗണ്യമായി വർദ്ധിപ്പിച്ചു. സുരക്ഷാ ആശങ്കകളെ തുടർന്ന് നിർത്തിവെച്ചിരുന്ന ഭീമൻ എണ്ണക്കപ്പലുകളുടെ (VLCC) ഹോർമുസ് കടലിടുക്ക് വഴിയുള്ള സർവീസും പുനരാരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ചെങ്കടൽ തീരത്തുള്ള യാമ്പു തുറമുഖം വഴിയുള്ള കയറ്റുമതിയും സജീവമായി തുടരുന്നു. ജൂൺ മാസത്തിൽ പ്രതിദിനം 44.5 ലക്ഷം ബാരൽ മാത്രമായിരുന്ന സൗദിയുടെ കയറ്റുമതി, ഇതേ രീതിയിൽ മുന്നോട്ട് പോയാൽ ജൂലൈ മാസത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തും. വരും ദിവസങ്ങളിൽ ആഗോള വിപണിയിലേക്കുള്ള സൗദിയുടെ എണ്ണ വിതരണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.