എസ്.ബി.ഐ ഇടപാടുകൾക്ക് ഇനി അധികച്ചെലവ്; ഫെബ്രുവരി 15 മുതൽ ഓൺലൈൻ ഐ.എം.പി.എസ് കൈമാറ്റങ്ങൾക്ക് ഫീസ് ഈടാക്കും
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (IMPS) ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തുന്നു. നിലവിൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ഇടപാടുകൾ സൗജന്യമാണെങ്കിലും, ഫെബ്രുവരി 15 മുതൽ 25,000 രൂപയ്ക്ക് മുകളിലുള്ള കൈമാറ്റങ്ങൾക്ക് ഫീസ് നൽകേണ്ടി വരും.
പുതിയ നിരക്കുകൾ പ്രകാരം 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് രണ്ട് രൂപയും ജി.എസ്.ടിയുമാണ് ഈടാക്കുക. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആറ് രൂപയും ജി.എസ്.ടിയും, രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ പത്ത് രൂപയും ജി.എസ്.ടിയുമാണ് ഉപയോക്താവ് നൽകേണ്ടി വരിക. ഐ.എം.പി.എസ് വഴി ഒരു ദിവസം പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് അയക്കാൻ സാധിക്കുക.
അതേസമയം, ബാങ്ക് ശാഖകൾ വഴി നേരിട്ട് പണം അയക്കുന്നവർക്ക് നിലവിലെ ചാർജ് ഘടന തുടരും. ആയിരം രൂപ വരെയുള്ള ശാഖാ ഇടപാടുകൾക്ക് ഫീസില്ല. സൈനികർ, കേന്ദ്ര സർക്കാർ ജീവനക്കാർ, റെയിൽവേ ജീവനക്കാർ എന്നിവരുടെ ശമ്പള അക്കൗണ്ടുകളെയും പെൻഷൻ അക്കൗണ്ടുകളെയും ഈ വർധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.പി.ഐ ഇടപാടുകൾ നിലവിൽ സൗജന്യമായി തുടരുമെങ്കിലും, വലിയ തുകകൾ വേഗത്തിൽ കൈമാറാൻ ഐ.എം.പി.എസ് ഉപയോഗിക്കുന്നവരെ ഈ തീരുമാനം ബാധിക്കും. പ്രവർത്തനച്ചെലവ് വർധിക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.