ഐപിഒ പണവിനിയോഗം നിരീക്ഷിക്കാൻ സെബി; കർശന വ്യവസ്ഥകളുമായി പുതിയ കരട്

 

ഐപിഒ വഴി സമാഹരിക്കുന്ന പണത്തിന്റെ വിനിയോഗം കർശനമായി നിരീക്ഷിക്കാൻ സെബി പുതിയ കരട് വ്യവസ്ഥകൾ പുറത്തിറക്കി. ഓഫർ ഫോർ സെയിൽ (OFS) ഒഴികെയുള്ള എല്ലാ ഐപിഒകൾക്കും മോണിറ്ററിങ് ഏജൻസിയുടെ നിയമനം നിർബന്ധമാക്കിയിട്ടുണ്ട്. ഈ ഏജൻസികൾ എക്സ്ചേഞ്ചുകൾക്ക് നേരിട്ട് റിപ്പോർട്ട് നൽകും.

കമ്പനികൾ ആവശ്യമായ വിവരങ്ങൾ നൽകി സഹകരിച്ചില്ലെങ്കിൽ 50,000 രൂപ പിഴ ചുമത്തും. റിപ്പോർട്ട് സമർപ്പിക്കേണ്ട തീയതി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വിവരങ്ങൾ നൽകാതിരുന്നാൽ എക്സ്ചേഞ്ച് നോട്ടീസ് അയക്കും. ഈ ആദ്യ നോട്ടീസിന് 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ പ്രൊമോട്ടർമാർക്ക് വീണ്ടും നോട്ടീസ് നൽകും. അതിനുശേഷവും 10 ദിവസം കൂടി വീഴ്ച തുടർന്നാൽ പ്രൊമോട്ടർമാരുടെ ഡീമാറ്റ് അക്കൗണ്ടുകൾ മരവിപ്പിക്കും. പബ്ലിക് ഇഷ്യു വഴി ലഭിക്കുന്ന തുക കൃത്യമായ ആവശ്യങ്ങൾക്കു തന്നെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ പുതിയ നിയമങ്ങൾ.