സ്വിഗ്ഗി സഹസ്ഥാപകൻ ലക്ഷ്മി നന്ദൻ റെഡ്ഡി രാജിവെച്ചു; കമ്പനിയുടെ തലപ്പത്ത് വൻ മാറ്റങ്ങൾ

 

പ്രമുഖ ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ സഹസ്ഥാപകൻ ലക്ഷ്മി നന്ദൻ റെഡ്ഡി ഒബുൾ കമ്പനിയിൽ നിന്ന് പടിയിറങ്ങി. ഹോൾ-ടൈം ഡയറക്ടർ, ഹെഡ് ഓഫ് ഇന്നൊവേഷൻ എന്നീ സുപ്രധാന സ്ഥാനങ്ങളിൽ നിന്നാണ് അദ്ദേഹം രാജിവെച്ചത്. ഏപ്രിൽ 10 മുതൽ രാജി പ്രാബല്യത്തിൽ വന്നതായി റെഗുലേറ്ററി ഫയലിംഗിലൂടെ കമ്പനി വ്യക്തമാക്കി. പുതിയ തൊഴിൽപരമായ താൽപ്പര്യങ്ങളുടെ ഭാഗമായാണ് രാജിയെന്ന് നന്ദൻ റെഡ്ഡി അറിയിച്ചു.

''സ്വിഗ്ഗിയുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ വലിയ അഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് ഞാൻ പടിയിറങ്ങുന്നത്. വരും കാലങ്ങളിലും സ്വിഗ്ഗിയുടെ ഏറ്റവും വലിയ ആരാധകനായി ഞാൻ തുടരും''- അദ്ദേഹം രാജിക്കത്തിൽ കുറിച്ചു. പുതിയ മേഖലകളെയും സാധ്യതകളെയും പര്യവേഷണം ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരുവിൽ ഒരു ചെറിയ സംരംഭമായി തുടങ്ങിയ സ്വിഗ്ഗിയെ ഇന്നത്തെ നിലയിലേക്ക് എത്തിക്കുന്നതിൽ നന്ദൻ റെഡ്ഡി വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഗ്രൂപ്പ് സിഇഒ ശ്രീഹർഷ മജെറ്റി പ്രശംസിച്ചു.

നന്ദൻ റെഡ്ഡിയുടെ രാജിക്ക് പിന്നാലെ കമ്പനിയുടെ ബോർഡിൽ പുതിയ നിയമനങ്ങളും സ്വിഗ്ഗി പ്രഖ്യാപിച്ചു. റെനൻ ഡി കാസ്‌ട്രോ ആൽവസ പിന്റോ നോമിനി ഡയറക്ടറായി നിയമിതനായി. സഹസ്ഥാപകനും ചീഫ് ഗ്രോത്ത് ഓഫീസറുമായ ഫണി കിഷൻ അദ്ദെപള്ളി, ഗ്രൂപ്പ് സിഎഫ്ഒ രാഹുൽ ബോത്ര എന്നിവർ ജൂൺ ഒന്ന് മുതൽ ബോർഡിൽ അഡീഷണൽ ഡയറക്ടർമാരായി ചേരും. കൂടാതെ കമ്പനിയുടെ 'ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിൽ' വരുത്തിയ ഭേദഗതികൾക്കും ബോർഡ് അംഗീകാരം നൽകി. ഇതനുസരിച്ച് ആക്‌സൽ, സോഫ്റ്റ്ബാങ്ക് എന്നിവർക്കുണ്ടായിരുന്ന നോമിനേഷൻ അവകാശങ്ങൾ നീക്കം ചെയ്തു. പകരം സിഇഒ ശ്രീഹർഷ മജെറ്റിക്കും ഫണി കിഷനും ബോർഡിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അവകാശം നൽകിയിട്ടുണ്ട്.