കാറുകളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്; ഏപ്രില്‍ ഒന്നിന് പ്രാബല്യം
Mar 25, 2026, 20:38 IST
കാറുകളുടെ വില വര്‍ധിപ്പിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഏപ്രില്‍ ഒന്നിന് പുതിയ വില പ്രാബല്യത്തില്‍ വരും. ചെലവ് വര്‍ധിച്ച പശ്ചാത്തലത്തിലാണ് കാറുകളുടെ വില പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു.
പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങളുടെ നിരയിലുടനീളമുള്ള ശരാശരി വില വര്‍ധന ഏകദേശം 0.5 ശതമാനം ആയിരിക്കും. എന്നിരുന്നാലും, മോഡലും വേരിയന്റും അനുസരിച്ച് വിലയില്‍ വ്യത്യാസം വരാം. ടാറ്റ മോട്ടോഴ്സ് നിലവില്‍ ഇന്ത്യയില്‍ ഹാച്ച്ബാക്കുകള്‍, എസ്യുവികള്‍, സെഡാനുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പാസഞ്ചര്‍ വാഹനങ്ങളാണ് വില്‍ക്കുന്നത്. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവയാണ് ഐസിഇ ( internal combustion engine) നിരയിലെ ജനപ്രിയ മോഡലുകള്‍.