ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു
ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചു. ഓഗസ്റ്റ് 18-ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് (AGM) മുന്നോടിയായാണ് അപ്രതീക്ഷിത രാജി. 2027 ഫെബ്രുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും പുനർനിയമനം തേടേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി വരെ അദ്ദേഹം താൽക്കാലിക ചുമതലയിൽ തുടർന്നേക്കും.
ടാറ്റ സൺസും പ്രധാന ഓഹരി ഉടമകളായ ടാറ്റ ട്രസ്റ്റും തമ്മിൽ അദ്ദേഹത്തിന്റെ പുനർനിയമനത്തെ ചൊല്ലി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളും ഗ്രൂപ്പിലെ ആഭ്യന്തര തർക്കങ്ങളുമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. കമ്പനി അൺലിസ്റ്റഡ് ആയി തുടരണമെന്നതടക്കമുള്ള ഉപാധികൾ ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതിനായി ടാറ്റ സൺസ് മുന്നോട്ടുവെച്ചിരുന്നു.
ചന്ദ്രശേഖരന്റെ രാജി വാർത്ത പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ ടി.സി.എസിന്റെ (TCS) ഓഹരികളിൽ അഞ്ച് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ടാറ്റ സൺസിന്റെ പുതിയ ചെയർമാനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.