ടാറ്റ കപ്പൽ നിർമാണത്തിലേക്ക്; കേരളത്തിൽ വൻ നിക്ഷേപം, പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

 

​​​​​​രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ കപ്പൽ നിർമാണ മേഖലയിലേക്ക് ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ ഏകദേശം 1 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപത്തിനാണ് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നത്. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഈ വൻ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

ടാറ്റയുടെ പുതിയ സംരംഭത്തിന് ആവശ്യമായ ഭൂമി ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന സർക്കാർ വേഗത്തിൽ ലഭ്യമാക്കുമെന്നും ഒരു മാസത്തിനുള്ളിൽ ഇതിന്റെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാപ്പി മുതൽ ആഡംബര വാഹനങ്ങൾ വരെ നിർമിക്കുന്ന ടാറ്റ ഗ്രൂപ്പ് ഇതാദ്യമായാണ് സ്വതന്ത്രമായി കപ്പൽ നിർമാണ രംഗത്തേക്ക് കടക്കുന്നത്. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളോട് ചേർന്ന് കപ്പൽ നിർമാണ-റിപ്പയറിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖത്തിനായി വിദേശ നിക്ഷേപം സ്വീകരിച്ചതിന് പിന്നാലെയാണ് ടാറ്റയും കേരളത്തിലേക്ക് എത്തുന്നത്. എന്നാൽ ഈ നിക്ഷേപ വാർത്തയോട് ടാറ്റ ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.